വൈക്കം : പ്രവർത്തനം നിലച്ച നഗരസഭ പൊതുശ്മശാനം അടിയന്തിരമായി പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ അയ്യർകുളങ്ങര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ ധർണ നടത്തി. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് നേരത്തെ നിർമാണം പൂർത്തിയാക്കിയ പൊതുശ്മശാനം നവീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ അടുത്തകാലത്ത് യന്ത്രത്തകരാർ മൂലം പ്രവർത്തനം നിലച്ചു. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം പൂർണമായി സംസ്‌കരിക്കാൻ കഴിയാതെ വന്നത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അന്ന് നഗരസഭ അധികൃതർ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും വീണ്ടും ശ്മശാനം പ്രവർത്തനരഹിതമായി. ഇതിൽ അഴിമതിയും നിരുത്തരവാദിത്വവും ആരോപിച്ചാണ് സി.പി.ഐ ധർണ നടത്തിയത്. മണ്ഡലം അസി. സെക്രട്ടറി കെ.അജിത്ത് ഉദ്ഘാടനം ചെയ്തു. അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൻ.അനിൽ ബിശ്വാസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ പ്രസന്നൻ, ഡി.രഞ്ജിത് കുമാർ, പി.പ്രദീപ്, ലോക്കൽ സെക്രട്ടറി കെ.വി.ജീവരാജൻ, പാർലമെന്ററി പാർട്ടി ലീഡർ ആർ.സന്തോഷ്, കെ.രഘുനന്ദനൻ, അഡ്വ. ചന്ദ്രബാബു എടാടൻ, എ.സോമൻ, എൻ.മോഹനൻ, കനകാംബരൻ, കെ.വി.സുമ എന്നിവർ പ്രസംഗിച്ചു.