ഭരണപക്ഷത്തും പ്രതിപക്ഷത്തും അവിശുദ്ധ സഖ്യങ്ങളെന്ന്

വൈക്കം : നഗരസഭയിൽ ശുചീകരണ വാഹനങ്ങൾക്ക് ഇന്ധനം വാങ്ങാൻ വകയിരുത്തിയ പദ്ധതി പണം ഉപയോഗിച്ച് കായലോര ബീച്ചിൽ പുല്ല് വെട്ടിയതിൽ അഴിമതിയെന്ന് ആരോപണം. നിയമാനുസൃതമായ പ്ലാനോ ടെണ്ടർ നടപടികളോ ഒന്നും നടപ്പിലാക്കാതെയാണ് കായലോര ബീച്ചിൽ പുല്ല് വെട്ടിയതിന്റെ പേരിൽ ഒരു ലക്ഷത്തോളം രൂപയുടെ തുക പാസാക്കാനുള്ള ശ്രമം ഭരണസമിതി നടത്തിയതെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ എതിർക്കുകയും മാദ്ധ്യമങ്ങളിൽ വാർത്തകൾ വരുകയും ചെയ്തതിനെ തുടർന്ന് പണം നൽകുന്നത് മാറ്റിവച്ചിരുന്നു. പിന്നീട് ബിൽ തുക 75,000 രൂപയായി കുറച്ചു കാണിച്ചാണ് കൗൺസിലിൽ അവതരിപ്പിച്ചത്. സി.പി.ഐ, ബി.ജെ.പി കൗൺസിലർമാർ മാനദണ്ഡങ്ങൾ പാലിക്കാത്ത അനധികൃതമായ ചെലവ് അംഗീകരിക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സി.പി.എം കൗൺസിലർമാരുടെ പിന്തുണയോടെ വോട്ടിനിട്ട് കോൺഗ്രസ് നേതൃത്വം ബില്ല് പാസാക്കി. മുൻ ചെയർപേഴ്‌സണും സി.പി.എം സ്വതന്ത്രയുമായ എസ്.ഇന്ദിരാദേവി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ശ്മശാനവും മുക്കാൽ ലക്ഷത്തോളം രൂപ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തിയെന്ന് പറഞ്ഞതിന് പിന്നാലെയാണ് പ്രവർത്തനരഹിതമായത്. വ്യാജരേഖകൾ ചമച്ച് അഴിമതിയുടെയും വെട്ടിപ്പിന്റെയും കേന്ദ്രമായി വൈക്കം നഗരസഭയിലെ യു.ഡി.എഫ് ഭരണം മാറിയെന്നാണ് പ്രതിപക്ഷ ആരോപണം. നഗരസഭയിൽ കോൺഗ്രസ് - സി -പി -എം അവിശുദ്ധ സഖ്യമാണ് ഭരണം നടത്തുന്നതെന്ന് സി.പി.ഐയും, പ്രതിപക്ഷത്ത് സി.പി.ഐ - ബി.ജെ.പി സഖ്യമെന്ന് മറുപക്ഷവും ആരോപിക്കുന്നു.

വൈസ് ചെയർമാൻ രാജിവയ്ക്കണം
നഗരസഭ വൈസ് ചെയർമാൻ രാജിവയ്ക്കണമെന്ന് സി.പി.ഐ പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു.
കള്ളനും കള്ളന് കഞ്ഞിവയ്ക്കുന്നവരും ഒരു ഭാഗത്തും, ഈ കൊള്ളസംഘത്തിൽ നിന്ന് വൈക്കം നഗരസഭയെ രക്ഷിക്കാൻ ശ്രമിക്കുന്നവർ മറുഭാഗത്തുമായുള്ള സംഘർഷമാണ് നഗരസഭയിൽ നടന്ന് വരുന്നതെന്ന് പാർലമെന്ററി പാർട്ടി ലീഡർ ആർ.സന്തോഷ് ആരോപിച്ചു. ഈ കൊള്ളസംഘത്തിന് പൂർണപിന്തുണ നൽകുന്ന നഗരസഭ സെക്രട്ടറിയും നഗരത്തിന് ഭാരമായിരിക്കുന്നു. നഗരസഭയിൽ നടന്ന നാല് വൻ അഴിമതികൾ സംബന്ധിച്ച് വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. അംഗങ്ങളെ തല്ലിച്ചതച്ചവർക്കെതിരെ നടപടിയെടുക്കണം. വൈസ് ചെയർമാൻ രാജിവെയ്ക്കുന്നത് വരെ ധാർമിക സമരം സി.പി.ഐ തുടരുമെന്നും അദ്ദേഹം അറിയിച്ചു.