മുണ്ടക്കയം: പുല്ലുകയാറിന് കുറുകെയുള്ള പൂവഞ്ചി തൂക്കുപാലം പ്രളയത്തിൽ തകർന്നതോടെ ഒറ്റപ്പെട്ട് പ്രദേശവാസികൾ. ഇതോടെ പൂവഞ്ചി നിവാസികൾക്ക് യാത്രാദുരിതമേറി. സ്‌കൂൾ കുട്ടികളടക്കമുള്ളവരും ജോലിക്കാരും പൂവഞ്ചി തൂക്കുപാലം കയറി വേലനിലം ഭാഗത്തെത്തി വാഹനങ്ങളിലാണ് മുണ്ടക്കയത്തേക്കും മറ്റു പ്രദേശങ്ങളിലേക്കും യാത്രചെയ്തിരുന്നത്.പാലം തകർന്നതോടെ കൊക്കയാർ കൂട്ടിക്കൽ വഴിയോ, മുപ്പത്തിനാലാം മൈൽ കല്ലേപ്പാലം വഴിയോ മുണ്ടക്കയത്ത് എത്തേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ഈ രണ്ടു വഴികളും തകർന്നതിനാൽ വാഹന സഞ്ചാരം സാധ്യമല്ല. ചില ഓട്ടോറിക്ഷകൾ മാത്രമാണ് പ്രദേശത്തേക്ക് സവാരി നടത്തുന്നത്. ഇവരാകട്ടെ ഈടാക്കുന്നത് അമിത കൂലിയും. ഇപ്പോൾ ആറ് കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്താണ് പൂവഞ്ചിക്കാർ മുണ്ടക്കയത്ത് എത്തുന്നത്. എഴുപത്തഞ്ചോളം കുടുംബങ്ങളാണ് മേഖലയിൽ ഒറ്റപ്പെട്ടു കഴിയുന്നത്.
താത്കാലിക പാലം നിർമ്മിക്കണം
പ്രദേശവാസികൾക്ക് മറുകരയിൽ എത്താൻ ഉപയോഗിച്ചിരുന്ന തൂക്കുപാലം ഒലിച്ചുപോയതോടെ താത്ക്കാലിക പാലം നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. പ്രദേശത്ത് നിന്ന് ഒരു കിലോമീറ്റർ മാത്രം മാറിയാണ് മാകൊച്ചിയിൽ ഉരുൾപൊട്ടലുണ്ടായത്. ഇവിടെ ഒരു ദുരന്തം ഉണ്ടായാൽ രക്ഷാപ്രവർത്തനം പോലും സാധ്യമല്ലാത്ത അവസ്ഥയാണെന്നും പ്രദേശവാസികൾ പറയുന്നു. പൂവഞ്ചിമലയുടെ സമീപത്തെ പാറ ഖനനമാണ് ഉരുൾപൊട്ടലിന് ഇടയാക്കിയതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.