bjp

വൈക്കം : വൈക്കം നഗരസഭയിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. വനിതാ കൗൺസിലറുടെ കാൽ പൊലീസ് ചവിട്ടിയൊടിച്ചെന്നും, അപമാനിച്ചെന്നും ബി.ജെ.പി ആരോപിച്ചു. നഗരസഭ കായലോര ബീച്ചിൽ പുല്ല് വെട്ടിയതുമായി ബന്ധപ്പെട്ട് കൗൺസിൽ അനുമതി ഇല്ലാതെ നടന്ന പ്രവൃത്തിക്ക് പണം നൽകിയത് അഴിമതിയാണെന്ന് ആരോപിച്ചിയാരുന്നു പ്രതിഷേധം. നഗരസഭാ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വനിതാ പൊലീസിന്റെ സാന്നിദ്ധ്യമില്ലാതെ പൊലീസ് വനിതാ കൗൺസിലർമാരെ വലിച്ചിഴച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും, ബി.ജെ.പി കൗൺസിലർ കെ.ബി.ഗിരിജാകുമാരിയുടെ കാലിനും, കൗൺസിലറും ജില്ലാ സെക്രട്ടറിയുമായ ലേഖ അശോകന്റെ നടുവിനും സാരമായി പരിക്കേറ്റതായും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പറഞ്ഞു. കൗൺസിലർമാരായ എം.കെ.മഹേഷ്, ഒ.മോഹനകുമാരി, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് വിനൂബ് വിശ്വം, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാം എന്നിവരും വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.