പാലാ: പാലായിലെ റോഡ് മെയിന്റനൻസ് വർക്കുകൾ പൊതുമരാമത്ത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധസമരം സംഘടിപ്പിച്ചു. പാലാ സ്റ്റേഡിയം ജംഗ്ഷനു മുന്നിലെ വലിയ കുഴിയിൽ വാഴ നട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. സ്ഥലം എം.എൽ.എ ഇടപെട്ട് റോഡ് മെയിന്റിനൻസിനുള്ള ഫണ്ട് അനുവദിക്കുകയും, ടെൻഡർ നടപടികൾ പൂർത്തിയാക്കി വർക്ക് അവാർഡ് ചെയ്യുകയും ചെയ്തതിനുശേഷം പൊതുമരാമത്ത് ഉദ്യോഗസ്ഥർ മനപ്പൂർവ്വം നടപടിക്രമങ്ങൾ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് സമരം നടത്തിയത്.

പ്രവർത്തകർ പി.ഡബ്ലി.യു.ഡി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ആർ.വി ജോസ് അദ്ധ്യക്ഷത വഹിച്ചു. സമര പരിപാടിയ്ക്ക് നേതാക്കളായ റൂബി ഊടുപുഴയിൽ, തോമസുകുട്ടി മുക്കാലാ, ജേക്കബ് അൽഫോൻസാ ദാസ്, അജയ് നെടുമ്പാറ, കിരൺ അരീക്കൽ, ഗോകുൽ ജഗന്നിവാസ്, ബിപിൻ രാജ്, ടോണി ചക്കാല, അലോഷി റോയി, അലക്‌സ്, വിഷ്ണു ബാബു എന്നിവർ നേതൃത്വം നൽകി.