കോട്ടയം: രണ്ട് ദിവസത്തിനകം മുഴുവൻ സ്കൂളുകളും സജ്ജമാകും. കേരളപ്പിറവി ദിനത്തിൽ പ്രവേശനോത്സവത്തോടെ സ്കൂൾ തുറക്കൽ വർണാഭമാക്കാനുള്ള തയ്യാറാടുപ്പാണ് എങ്ങും. കുട്ടിക്കൂട്ടങ്ങളുടെ വരവേൽപ്പിനോട് അനുബന്ധിച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മധുര വിതരണവും പ്രവേശന ഗാനവും സജ്ജീകരിച്ചിട്ടുണ്ട്.
പ്രധാന കവാടത്തിൽ അദ്ധ്യാപകരും തദ്ദേശ സ്ഥാപന പ്രതിനിധികളും ചേർന്ന് കുട്ടികളെ സ്വീകരിക്കും. എല്ലാ സ്‌കൂളുകളിലും ശുചീകരണ നടപടികൾ നാളെ പൂർത്തിയാക്കണമെന്നാണ് കളക്ടറുടെ അന്തിമ നിർദേശം. കെട്ടിടം ആകർഷകമാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്‌കൂളിൽ പഠിപ്പിക്കാനാണ് ക്രമീകരണം.
ഒരുക്കങ്ങൾ
ക്ലാസ് മുറികളുടെ അണുനശീകരണവും സ്‌കൂൾ പരിസരം, കിണറുകൾ, സംഭരണികൾ, ടോയ്‌ലെറ്റുകൾ, എന്നിവയുടെ ശുചീകരണവും പുരോഗമിക്കുകയാണ്. സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന തദ്ദേശസ്ഥാപന എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തും. യാത്രാസൗകര്യം സുഗമമാക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തും. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷനു വേണ്ടി മുമ്പ് ഉപയോഗിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. സ്‌കൂൾ തുറന്ന് 15 ദിവസത്തിനകം പുതിയ കാർഡ് നൽകും. ഡോക്ടർ ഓൺ കോൾ സേവനം എല്ലാ സ്‌കൂളുകളിലും സജ്ജമാക്കിയിട്ടുണ്ട്.
ഹൈടെക് സ്കൂളുകളിലേയ്ക്ക് ആദ്യം
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഹൈടെക് സ്കൂളുകളിലേയ്ക്ക് വിദ്യാർത്ഥികൾ ആദ്യമായാണ് പ്രവേശിക്കുന്നത്. സ്കൂളുകൾ ആധുനിക രീതിയിലായിരുന്നെങ്കിലും കൊവിഡ് മൂലം ക്ളാസുകൾ ആരംഭിച്ചിരുന്നില്ല. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി കോടികൾ മുടക്കിയാണ് സ്കൂളുകൾ ഹൈടെക്ക് ആക്കിയത്.
പിന്തുണയുമായി മറ്റുവകുപ്പുകളും
സ്കൂളുകളുടെ അടുത്ത് ലഹരിയില്ലെന്ന് പൊലീസും എക്സൈസും ഉറപ്പാക്കും
സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടറുടെയും കൗൺസിലറുടേയും സേവനം
വാക്‌സിൻ ലഭിക്കേണ്ട ജീവനക്കാർക്ക് ലഭ്യമാക്കും, ആംബുലൻസ് സൗകര്യം ഉറപ്പാക്കും
ആശങ്ക പങ്കുവച്ച് രക്ഷിതാക്കൾ
രക്ഷിതാക്കളുടെ പൂർണ സമ്മതത്തോടെ മാത്രം പ്രവേശനം
സമ്മതപത്രം നൽകിയ രക്ഷിതാക്കളും ആശങ്ക പങ്കുവയ്ക്കുന്നു
സ്കൂൾ ക്ളാസിനുസമാന്തരമായി ഓൺലൈൻ ക്ളാസ് തുടരും
ഫിറ്റ്നസ് കിട്ടാൻ
7 സ്കൂളുകൾ കൂടി
'' തെർമൽ സ്‌കാനർ, മാസ്‌ക്, സാനിറ്റൈസർ എന്നിവ സ്‌കൂളുകളിൽ സജ്ജമാക്കും. സാമൂഹിക അകലം ഉറപ്പാക്കും. അദ്ധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തി ''
- കെ.ജെ.പ്രസാദ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം , കോ-ഓർഡിനേറ്റർ