മുണ്ടക്കയം : കൊക്കയാറിൽ പ്രളയത്തിൽ ഒലിച്ചുപോയ പാലത്തിന് പകരം സേവാഭാരതി താത്കാലിക പാലം നിർമ്മിച്ചു. മരത്തൂണുകളും പലകയും ഉപയോഗിച്ചാണ് ആളുകൾക്ക് നടന്നുപോകാവുന്ന വിധത്തിൽ പാലം തീർത്തത്. ഉരുൾപൊട്ടലുണ്ടായ ദിവസം മുതൽ സേവാഭാരതി പ്രവർത്തകർ പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുകയാണ്. ചെറു സംഘങ്ങളായി തിരിഞ്ഞ് വീടുകൾ ശുചീകരിച്ചും വഴികൾ ഗതാഗത യോഗ്യമാക്കിയും പുഴ വൃത്തിയാക്കിയും, കിണറുകൾ തേകിയും മാലിന്യങ്ങൾ നീക്കം ചെയ്തുമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി. അവശ്യസാധനങ്ങൾ ദുരിതബാധിതർക്ക് എത്തിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനായി ജില്ലയിൽ കളക്ഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പ്രകൃതിദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് കരകയറ്റാൻ വേണ്ടിയുള്ള തീവ്രശ്രമത്തിലാണെന്ന് സേവാഭാരതി പ്രവർത്തകർ പറഞ്ഞു