മുണ്ടക്കയം : ഉരുൾപൊട്ടതിൽ സർവതും നഷ്ടപ്പെട്ട അവസ്ഥയിലാണ് ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച വടക്കേമല ഗ്രാമം. എങ്കിലും ഇരച്ചത്തെിയ മലവെള്ളത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ഗ്രാമം. കൊക്കയാർ പഞ്ചായത്തിലെ രണ്ടാം വാർഡായ ഇവിടെ 28 വീടുകളാണ് വാസയോഗ്യമല്ലാതായത്. 18 ഉരുളുകളാണ് മൂന്നുകിലോമീറ്റർ ചുറ്റളവിൽ പൊട്ടിയത്. പല വീടുകളിലും ചെളി നിറഞ്ഞിരിക്കുകയാണ്. ഇതു മാറ്റിയാൽപോലും വാസയോഗ്യമല്ല. ഏന്തയാർ വടക്കേമല റോഡ്, വെംബ്ലി വടക്കേമല റോഡും തകർന്നു. ഇനി ഏന്തയാറിൽ എത്താൻ ഏഴുകിലോമീറ്റർ ചുറ്റണം. ഉരുൾപൊട്ടലിൽ കാലുതകർന്ന ജോസ് മാത്യു വടക്കേലിനെ(60) മൂന്നു ദിവസം കഴിഞ്ഞാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. വൈദ്യുതിയും വെള്ളവും ഇല്ല. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജോലികൾ നടന്നുവരുന്നു. പറമ്പുകളടക്കം ഒലിച്ചുപോയി. 73 കുടുംബങ്ങളിലെ 313പേർ വിവിധ ക്യാമ്പുകളിൽ കഴിയുകയാണ്. സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്‌കൂളിൽ 80 പേരും ഡോക്ടേഴ്‌സ് ലയത്തിൽ 60പേരും മറ്റുള്ളവർ ഏഴു വീടുകളിലുമായിട്ടാണ് കഴിയുന്നത്. സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നിന്നും മറ്റു സന്നദ്ധ സംഘടനകളിൽ നിന്നും സഹായം ലഭിക്കുന്നുണ്ട്. പള്ളിയിൽനിന്ന് വൈകിട്ട് ആറുമുതൽ ഒമ്പത് വരെ ജനറേറ്റർ പ്രവർത്തിപ്പിച്ച് നാട്ടുകാർക്ക് മൊബൈൽ ചാർജ് ചെയ്യാൻ സൗകര്യം നൽകിവരുന്നു.
വാടക ഭീമം, എങ്ങനെ താങ്ങും
വടക്കേമലയിൽ നിന്ന് ഏന്തയാറിൽ ചിലർ വാടകയ്ക്ക് താമസിക്കാനായി പോയങ്കിലും വൻവാടകയാണ് ചോദിക്കുന്നത്. 2000 രൂപ വാടകയുണ്ടായിരുന്ന വീടുകൾക്ക് ഇപ്പോൾ 6000 രൂപ. കൂടാതെ അമിത സെക്യൂരിറ്റിയും. എല്ലാം നഷ്ടപ്പെട്ടവർ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ്. വടക്കേമലയിൽനിന്ന് വന്ന ഉരുളാണ് വെംബ്ലി ഗ്രാമത്തെയും വിഴുങ്ങിയത്. കേരളത്തിലെ തന്നെ മികച്ച ഓഫ് റോഡ് സ്ഥലമായ ഉറുമ്പിക്കരക്ക് പോകുന്നത് വടക്കേമല വഴിയാണ്. കൂടാതെ വെംബ്ലി, പാപ്പാനി, വെള്ളാപ്പാറ, നൂറേക്കർ വെള്ളച്ചാട്ടങ്ങളും വടക്കേമലക്ക് സമീപത്താണ്. നൂറേക്കർ റോഡും പാലവും തകർന്നുപോയി. റോഡുകളും പാലങ്ങളും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് മേഖലയിൽ ഉണ്ടായത്.