വൈക്കം : വൈക്കം നഗരസഭ ഭരണം അട്ടിമറിക്കാൻ സി.പി.ഐ, കേരള കോൺഗ്രസ് (എം), ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടെന്ന ഗുരുതര ആരോപണവുമായി നഗരസഭ ഭരണ നേതൃത്വം. സി.പി.ഐ അംഗങ്ങളും കേരള കോൺഗ്രസ് (എം) അംഗവും ബിജെപിയോടൊപ്പം ചേർന്ന് തെറ്റായ നിലപാടെടുത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കു കാരണം. സി.പി.ഐയും കേരള കോൺഗ്രസ് അംഗവും ഇതിന് മുമ്പും നഗര ഭരണത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തിയിട്ടുണ്ട്. യു.ഡി.എഫിന് തനിച്ച് ഭരിക്കാൻ ഭൂരിപക്ഷമില്ല എന്ന സാഹചര്യം മുതലെടുത്ത് ഭരണം അട്ടിമറിച്ച് നാടിന്റെ വികസനത്തിന് തടസം നിൽക്കാൻ ശ്രമിക്കുന്നവർ വൈക്കത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമെന്നും ചെയർപേഴ്‌സൺ രേണുകാ രതീഷും, വൈസ് ചെയർമാൻ പി.ടി.സുഭാഷും പറഞ്ഞു. നഗരസഭയുടെ കീഴിലുള്ള കായലോര ബീച്ച് കാടുകയറിയ നിലയിൽ കിടന്നിരുന്ന സമയത്താണ് യു.ഡി.എഫ് നഗരഭരണം ഏറ്റെടുത്തത്. നഗരത്തിലെ പ്രധാന വിശ്രമ കേന്ദ്രങ്ങളിലൊന്നായ ബീച്ച് കൊവിഡ് നിയന്ത്റണങ്ങൾക്ക് ശേഷം ഉപയോഗയോഗ്യമായിരുന്നില്ല. വാർഡ് കൗൺസിലർ ഇത് വെട്ടിത്തെളിച്ച് വൃത്തിയാക്കണമെന്ന ആവശ്യം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. പ്രദേശത്തെ യുവാക്കളുടെ സഹകരണത്തോടെ കുറച്ചു ഭാഗം വൃത്തിയാക്കി. മുൻ കൗൺസിലറുടെ കാലത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും പൂർണമാക്കാനായില്ല. വിഷപ്പാമ്പുകളും , മറ്റ് ഉപദ്റവകാരികളായ ജീവികളുടെയും ആവാസ കേന്ദ്രമായി ബീച്ചിന്റെ ഭൂരിഭാഗവും മാറിക്കഴിഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് നഗരസഭ സ്റ്റിയറിംഗ് കമ്മിറ്റി കൂടി ബീച്ച് വൃത്തിയാക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് പ്രതിനിധികളായ രേണുകാ രതീഷ് , പി.ടി.സുഭാഷ്, ബി.ചന്ദ്രശേഖരൻ , പ്രീതാ രാജേഷ്, കേരള കോൺഗ്രസിന്റെ സിന്ധു സജീവൻ, സി.പി.എമ്മിലെ ഹരിദാസൻ നായർ, സി.പി.ഐയിലെ ലേഖ ശ്രീകുമാർ എന്നിവരാണ് തീരുമാനമെടുത്തത്. ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മേൽനോട്ടത്തിന് നിയോഗിച്ചു. കഴിഞ്ഞ ജനുവരിയിൽ കൂടിയ കമ്മിറ്റി തീരുമാനപ്രകാരം വിളിച്ച ക്വട്ടേഷനിൽ മൂന്നുപേർ പങ്കെടുത്തു. അതിൽ ഏറ്റവും കുറഞ്ഞതുകയായ മണിക്കൂറിന് 1050 രൂപ കോട്ട് ചെയ്ത ആൾക്ക് അത് നൽകി. ഇതനുസരിച്ച് 74 മണിക്കൂർ ജെ.സി.ബി ഉപയോഗിച്ച് ഗ്രൗണ്ട് ഭൂരിഭാഗവും വൃത്തിയാക്കി. തുടർന്ന് കരാറുകാരൻ 77700 രൂപയുടെ ബില്ല് നഗരസഭയിൽ വച്ചു. ഇത് പാസാക്കുന്നതിനെതിരെ ബി.ജെപി - സി.പി.ഐ അംഗങ്ങളും , കേരള കോൺഗ്രസ് (എം) അംഗവും, സി.പി.എം സ്വതന്ത്റ അംഗവും ചേർന്ന് കൗൺസിലിൽ എതിർപ്പുന്നയിച്ച് വിയോജനക്കുറിപ്പെഴുതി. ഭരണകക്ഷിയംഗങ്ങളും സി.പി.എം അംഗങ്ങളും ഒരു സ്വതന്ത്റ അംഗവും അനുകൂല നിലപാട് എടുത്തതോടെ ബില്ല് അംഗീകരിക്കപ്പെട്ടു. ഇതിൽ നിരാശ പൂണ്ട ബി.ജെ.പി അംഗങ്ങളും രണ്ട് പാർട്ടി പ്രവർത്തകരും ചേർന്ന് നഗരസഭ സെക്രട്ടറിയുടെ ഓഫീസ് കൈയേറുകയും സാധന സാമഗ്രികൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് വനിതാ പൊലീസ് ഉൾപ്പെടെ എത്തുകയും സെക്രട്ടറിയുടെ മുറിയിൽ നിന്നും സമരക്കാരെ പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇതിനിടെ വനിതാ അംഗത്തിന് ഉന്തിലും തള്ളിലുംപ്പെട്ട് പരിക്കേറ്റെന്ന പേരിൽ പ്രചരിപ്പിക്കുകയും ചെയ്തതെന്ന് ഭരണ നേതൃത്വം പറയുന്നു.