കോട്ടയം: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ക്ഷേത്ര മതിൽകെട്ടിൽ അഞ്ച് ആനകളെ എഴുന്നള്ളിക്കാൻ അനുവാദം ലഭിച്ചതിന്റെ ആശ്വാസത്തിലാണെങ്കിലും രണ്ടു വർഷമായി ഒരു വരുമാനവും ഇല്ലാതെ ആനകളെ സംരക്ഷിച്ചതിന്റെ ബാദ്ധ്യതക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് ആന ഉടമകൾ.
കൊവിഡ് കാലത്ത് വേണ്ടവിധം സംരക്ഷിക്കാൻ കഴിയാഞ്ഞതിനാൽ കേരളത്തിൽ 200ഓളം ആനകളാണ് ചരിഞ്ഞത്. 500ഓളം ആനകളേ ഇനി ഉള്ളൂ. അടുത്ത ഉത്സവകാലത്തും പകുതിക്കും എഴുന്നള്ളിപ്പ് ലഭിക്കില്ല . തടിപിടുത്തമോ മറ്റു ജോലികളോ ഇല്ലാതായതോടെ സംരക്ഷണം വീണ്ടും ബുദ്ധിമുട്ടാകും. കൊവിഡ് പടർന്നതോടെ ആനകളെ ഉത്സവം നടന്ന സ്ഥലങ്ങളിൽ തളയ്ക്കേണ്ടി വന്നതിനാൽ സംരക്ഷണച്ചെലവ് കൂടി. എഴുന്നള്ളിപ്പില്ലെങ്കിലും വെറുതെ തളച്ചിടാനാവില്ല. രണ്ട് ദിവസത്തിലൊരിക്കൽ കുളിപ്പിക്കണം, അഴിച്ചു കെട്ടണം, നടത്തണം, ഇതു കുറഞ്ഞതാണ് ആനകൾ ചെരിയാൻ കാരണം
കേരളത്തിൽ വ്യക്തികൾക്കും ദേവസ്വങ്ങൾക്കുമായി 476 ആനകളുണ്ട്. മൊത്തം 1180 പാപ്പാന്മാരും. ഒന്നാം പാപ്പാന് 15000 രൂപയും മറ്റുള്ളവർക്ക് 10000 രൂപയും ശമ്പളം നൽകണം. പുറമേ ബാറ്റയും. ആന സംരക്ഷണത്തിന് ദിവസം 3000 രൂപ ചെലവ് വെച്ച് രണ്ടു വർഷമായി ലക്ഷങ്ങളുടെ ബാദ്ധ്യത ഉണ്ടായി. സർക്കാർ ഒരു തവണ അരിയും ഗോതമ്പുമടക്കം 20000 രൂപ വരുന്ന റേഷൻ നൽകിയതാണ് ആശ്വാസം.
പനമ്പട്ടക്ക് 1000 രൂപ , വെട്ടുന്നവർക്ക് 500രൂപ, ലോറി, പിക്കപ്പ് വാൻ ഡ്രൈവർമാർക്ക് 500 രൂപ വീതം, മൂന്ന് പാപ്പാൻമാർക്ക് ശമ്പളം, ആനയ്ക്ക് അഞ്ചു കിലോ അരിയുടെ ചോറ്,
ചോറിനൊപ്പം പഞ്ഞപ്പുല്ല്, കടല, ഉഴുന്ന് എന്നിവയടങ്ങുന്ന പൊടി, 250 ലിറ്റർ വെള്ളം, ഒരു വർഷത്തെ ഇൻഷ്വറൻസ് പ്രീമിയമായ അമ്പതിനായിരം രൂപ വരെ, ചികിത്സ ചെലവ് ഇങ്ങനെ പരിപാലന ചെലവ് വലുതാണ്.
.
ഏക്കം ഒരു ലക്ഷത്തിനു മുകളിൽ വരെ
കേരളത്തിൽ ശല്യക്കാരല്ലാത്ത, പേരുള്ള ആനകളെയാണ് ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുക. 20 ഒാളം ആനകൾ ദിവസം ഒരു ലക്ഷത്തിന് മുകളിൽ ഏക്കം ലഭിക്കുന്നവയാണ്. പാമ്പാടി രാജൻ, സുന്ദരൻ, തെച്ചിക്കോട്ട് രാമചന്ദ്രൻ, ചിറക്കൽ കാളിദാസൻ, മംഗലാംകുന്ന് കർണൻ, കിരൺ നാരായണൻകുട്ടി, ഗണപതി, പുതുപ്പള്ളി കേശവൻ, ഈരാറ്റു പേട്ട അയ്യപ്പൻ , ഗുരുവായൂർ ദേവസ്വം ആനകൾ എന്നിവ അക്കൂട്ടത്തിൽ പെടും.
' ഒരു തവണ സർക്കാർ റേഷൻ അനുവദിച്ചത് ആശ്വാസമായിരുന്നു. പരമ്പരാഗത ആചാരപ്രകാരം ഇപ്പോൾ എഴുന്നള്ളത്ത് അനുവദിച്ചത് സ്വാഗതാർഹമാണ്. എങ്കിലും ഉത്സവ സീസൺ ആകുമ്പോൾ കൂടുതൽ ആനകളെ അനുവദിക്കണം. എങ്കിലേ മുന്നോട്ടു പോകാനാകൂ.'
- എം.മധു. എലിഫെന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്