മുണ്ടക്കയം : കൊക്കയാർ പഞ്ചായത്തിലെ നാരകംപുഴ സി.എസ്.ഐ പളളിയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് അടച്ചുപൂട്ടാനുളള റവന്യു സംഘത്തിന്റെ ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. ഉരുൾപൊട്ടലിൽ ഏഴു ജീവൻ നഷ്ടപെട്ട പൂവഞ്ചിയും ഏറെ നഷ്ടങ്ങൾ സംഭവിച്ച നാരകംപുഴയിലേയും 160 ലധികം പേർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പാണ് പീരുമേട് ഡെപ്യൂട്ടി തഹസിൽദാർ ബിജുനായരുടെ നേതൃത്വത്തിൽ അടച്ചുപൂട്ടാനെത്തിയത്. ക്യാമ്പുകൾ അടച്ചുപൂട്ടാൻ സർക്കാർ നിർദ്ദേശമുണ്ടന്നും സി.എസ്.ഐ പള്ളിയിലെ ക്യാമ്പ് മാറ്റണമെന്ന് വികാരി ആവശ്യപ്പെട്ടെന്നുമാണ് റവന്യു അധികൃതർ അറിയിച്ചത്. പള്ളിയിൽ നിന്ന് മാറാമെന്നും പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ക്യാമ്പിലെ താമസക്കാർ ആവശ്യപ്പെട്ടു. കുറ്റിപ്ലാങ്ങാട് സർക്കാർ സ്‌കൂൾ, സെന്റ് ആന്റണീസ് സ്‌കൂൾ എന്നിവിടങ്ങളിലേയ്ക്ക് പോകാൻ ഇവർ ആവശ്യപ്പെട്ടതോടെ പ്രതിഷേധമുയരുകയായിരുന്നു. എന്നാൽ സി.എസ്.ഐ.ഹാൾ നൽകാൻ തയ്യാറാണെന്ന് പള്ളി അധികൃതർ അറിയിച്ചെങ്കിലും അധികൃതർ തയ്യാറായില്ല. ഇതോടെ ബഹളമായി. തുടർന്ന് സി.എസ്.ഐ ഹാളും, ആവശ്യമായി വന്നാൽ മദ്രസഹാളും ഉപയോഗിക്കാൻ തീരുമാനിച്ചു. ആവശ്യമായ സൗകര്യമൊരുക്കാമെന്ന് വില്ലേജ് ഓഫീസറും ഉറപ്പ് നൽകി. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ജീവനും സ്വത്തും നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ ക്യാമ്പ് നിറുത്താനുളള നീക്കം രാഷ്ട്രീയ ദുഷ്‌ലാക്കാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപള്ളി പറഞ്ഞു. കുർബാന ഉൾപ്പെടെയുള്ള ആരാധനകൾ നടത്താൻ പള്ളി വിട്ടുതരണമെന്ന് പള്ളി അധികൃതർ ജനപ്രതിനിധികളെ അറിയിച്ചതിനെത്തുടർന്നാണ് ക്യാമ്പ് മാറ്റാനുള്ള തീരുമാനം ഉണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹൻ അറിയിച്ചു.