പാലാ : ഒരു മാസത്തിനിടെ പാലാ നഗരത്തിലെ മരണക്കുഴികൾ നാലാംവട്ടവും അടച്ച് പി.ഡബ്ല്യു.ഡി അധികൃതർ. ഒരു മാസം മുമ്പ് ളാലം പാലം റൗണ്ടാനയിലും സ്റ്റേഡിയം ജംഗ്ഷനിലും നിരവധി കുഴികൾ രൂപപ്പെടുകയും ജനങ്ങളുടെ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ആദ്യമായി താത്ക്കാലിക ഓട്ടയടയ്ക്കൽ നടത്തിയത്. രണ്ടാം ദിവസം ഇതു പൊളിഞ്ഞു. പിന്നീട് കുഴികൾ ഉണ്ടായപ്പോൾ നഗരസഭ ചെയർമാൻ ആന്റോ ജോസ് പ്രശ്‌നത്തിൽ ഇടപെടുകയും എത്രയും വേഗം കുഴികൾ നികത്തണമെന്ന് നിർദ്ദേശവും നൽകി. പിറ്റേന്നും അധികാരികളെത്തി കുഴിയടച്ചു. അതിനും മൂന്ന് ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നാഴ്ച മുമ്പ് ചെളിവെള്ളം നിറഞ്ഞുകിടന്ന കുഴികൾ തേകിയുള്ള സമരവുമായി ബി.ഡി.ജെ.എസും രംഗത്തെത്തി. ജോസ് കെ. മാണിയും കുഴികൾ സന്ദർശിച്ചു. പിറ്റേന്ന് കുഴിയടച്ചു. അഞ്ച് മണിക്കൂർ കൊണ്ട് അടച്ചകുഴി വീണ്ടും തുറന്നു. അതിലേറെ ഗർത്തവുമായി. നാലാംവട്ടം സമരം നടത്തിയത് യൂത്ത് കോൺഗ്രസുകാരും, വ്യാപാരികളുമാണ്. സ്റ്റേഡിയം ജംഗ്ഷനിലെ വലിയ കുഴിയിൽ വാഴവച്ചായിരുന്നു പ്രതിഷേധം. ഇന്നലെ കുഴികളിൽ കോൺക്രീറ്റ് ഇട്ട് അടയ്ക്കുകയാണ് ചെയ്തത്. ഈ ഭാഗത്തെ വാഹന ഗതാഗതം നിയന്ത്രിക്കുകയും കുഴിക്കുമേലെ നനഞ്ഞ ചാക്ക് വിരിച്ച് സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തു. പക്ഷേ ഇതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ
യെന്ന് അടുത്ത ദിവസം അറിയാം.