പാലാ : യൂത്ത് കോൺഗ്രസിന്റെ ക്ലോസറ്റ് സമരം ഇന്നലെ ചേർന്ന പാലാ നഗരസഭാ യോഗത്തെ കലുഷിതമാക്കി. പാലാ നഗരത്തിലെ കംഫർട്ട് സ്റ്റേഷനുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ക്ലോസറ്റുമായി നഗരസഭ ഓഫീസിന് മുന്നിൽ സമരം നടത്തുകയും ക്ലോസറ്റിൽ നഗരസഭ ചെയർമാന്റെയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെയും ചിത്രം പതിപ്പിക്കുകയും ചെയ്തത് അപലപനീയമാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ഒന്നടങ്കം പ്രതിപക്ഷത്തിന് നേരെ തിരിഞ്ഞു. സമരം ഉദ്ഘാടനം ചെയ്ത നഗരസഭാ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ.സതീഷ് ചൊള്ളാനി മാപ്പ് പറയണമെന്ന് ഭരണപക്ഷത്തെ അഡ്വ. ബിനു പുളിക്കക്കണ്ടവും, ബൈജു കൊല്ലംപറമ്പിലും ആവശ്യപ്പെട്ടു. അങ്ങനെയെങ്കിൽ കൗൺസിലിൽ ഭരണപക്ഷം തമ്മിലടിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ എത്രവട്ടം ഭരണപക്ഷ അംഗങ്ങൾ മാപ്പുപറയേണ്ട കാലം കഴിഞ്ഞിരിക്കുന്നുവെന്ന് സതീഷ് ചൊള്ളാനി തിരിച്ചടിച്ചു.
സമരാഭാസം നടത്തിയ സതീഷ് ചൊള്ളാനി മാപ്പു പറഞ്ഞാൽ ബൈജു കൊല്ലംപറമ്പിലുമായുള്ള കൈയേറ്റത്തിന്റെ പേരിൽ താൻ മാപ്പുപറയാൻ തയ്യാറാണെന്ന് ബിനു പറഞ്ഞു. മുനിസിപ്പൽ ഓഫീസ് കവാടം തടഞ്ഞുകൊണ്ട് സമരം നടത്തിയതിനെതിരെ പൊലീസിൽ പരാതി കൊടുക്കണമെന്ന് പല ജീവനക്കാരും ആവശ്യപ്പെട്ടെങ്കിലും താൻ അതിന് മുതിരാതിരുന്നത് പ്രതിപക്ഷത്തോടുള്ള ബഹുമാനംകൊണ്ടാണെന്ന് ചെയർമാൻ ആന്റോ ജോസ് പറഞ്ഞു. എന്തായാലും ഇതിന്റെ പേരിൽ മാപ്പുപറയുന്ന പ്രശ്‌നമില്ലെന്ന് സതീഷ് ചൊള്ളാനി ആവർത്തിച്ച് വ്യക്തമാക്കി. പാലാ ജനറൽ ആശുപത്രയിൽ കൊവിഡ് പരിശോധന നിറുത്തിയത് ഗുരുതരമായ സംഭവമാണെന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടി വേണമെന്നും പ്രതിപക്ഷ കൗൺസിലർ വി.സി.പ്രിൻസ് യോഗത്തിൽ ആവശ്യപ്പെട്ടു. ചർച്ചകളിൽ തോമസ് പീറ്റർ, സാവിയോ കാവുകാട്ട്, സിജി ടോണി, വി.സി. പ്രിൻസ് തുടങ്ങിയവരും പങ്കെടുത്തു.