പാലാ : ആയിരക്കണക്കിന് കവിതകളിലൂടെയും മനോഹര ഗാനങ്ങളിലൂടെയും മലയാളികളുടെ സർഗ്ഗജീവിതത്തിന് ഊടും പാവും രൂപപ്പെടുത്തിയ പ്രമുഖനായിരുന്നു വയലാർ രാമവർമ്മയെന്ന് കവി ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു. മനുഷ്യഹൃദയങ്ങളെ മധുരംനിറഞ്ഞ തേൻ അമ്പുകൾക്കൊണ്ട് നിരന്തരം എയ്തുകീഴടക്കിയ പ്രതിഭയാണ് വയലാർ. വയലാർ ഓർമ്മദിനത്തോടനുബന്ധിച്ച് സമഭാവന വാട്‌സ് ആപ്പ് ഗ്രൂപ്പ് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗായകരായ കൊച്ചിൻ മൻസൂർ, അലീനിയമോൾ സെബാസ്റ്റ്യൻ എന്നിവർ വയലാറിന്റെ നിരവധി സിനിമാഗാനങ്ങളും കവിതകളും ആലപിച്ചു. സമഭാവന കൺവീനർ സന്തോഷ് എം. പാറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മിനർവ മോഹൻ മുഖ്യപ്രഭാഷണം നടത്തി. ലത സിബി, സുജിതാ വിനോദ്, കെ.എൻ. രവീന്ദ്രൻ, സലിജ സലീം ഇല്ലിമൂട്ടിൽ, ടി.പി. ലളിത പെരുമ്പടവം, മണി സന്തോഷ്, മായ ഹരിദാസ്, അശ്വിൻ മധു തുടങ്ങിയവർ സംസാരിച്ചു.