26-palam

പൊൻകുന്നം : ശബരിമല തീർത്ഥാടനപാതയിലെ പ്രധാന പാലങ്ങളിലൊന്നായ 26ാം മൈൽ പാലത്തിന്റെ പുനർനിർമ്മാണം ഉടനില്ല. പ്രളയത്തിൽ ബലക്ഷയം സംഭവിച്ചതിനാൽ പാലം ഇപ്പോൾ അടച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതത്തിനു തുറന്നു കൊടുക്കാനാണ് തീരുമാനം. ഇതിനായി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അറിയിച്ചു. ടെൻഡർ നടപടികൾക്കുശേഷം പണി ആരംഭിക്കും. മണ്ഡലകാലത്തിന് രണ്ടാഴ്ച മാത്രമുള്ളതിനാലാണ് തത്കാലം പുതിയ പാലത്തിന്റെ നിർമ്മാണം വേണ്ടെന്നുവച്ചത്. പുതിയ പാലത്തിനായി 2.75 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെന്നും നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് നിർമ്മാണം തുടങ്ങുമെന്നും കഴിഞ്ഞ ആഴ്ച ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞിരുന്നു.

പാലം അപകടാവസ്ഥയിൽ

അടിഭാഗം കോൺക്രീറ്റ് ഇളകിയും തൂണുകളുടെ കല്ലിളകിയും അപകടാവസ്ഥയിലായ പാലം പുനർനിർമ്മിക്കണമെന്ന് കഴിഞ്ഞ അഞ്ചു വർഷമായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ്.കഴിഞ്ഞ പ്രളയത്തിന് സംരക്ഷണഭിത്തിയും കൈവരികളും തകർന്നതോടെയാണ് പാലം അടച്ചത്. നവംബർ 15 നാണ് മണ്ഡലകാലം ആരംഭിക്കുന്നത്.നിയന്ത്രണങ്ങളില്ലാതെ ഭക്തർക്ക് പ്രവേശനമനുവദിച്ചാൽ ഇതുവഴി തിരക്ക് വർദ്ധിക്കും. അതിനുമുമ്പ് പാലം ബലപ്പെടുത്തി തുറക്കുമെന്നാണ് അധികൃതർ പറയുന്നത്.