പൊൻകുന്നം : പ്രളയഭൂമിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിക്കാൻ നടപടികളായെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. മഴക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെവർക്ക് 10 ലക്ഷം രൂപ നൽകുമെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായി നിയമസഭയിൽ മന്ത്രി കെ. രാജൻ പറഞ്ഞു.
പ്രളയത്തിലും ഉരുൾപൊട്ടലിലും കാഞ്ഞിരപ്പിള്ളി താലൂക്കിലുൾപ്പെടെ സംസ്ഥാനത്തുടനീളം വ്യാപകമായ നാശനഷ്ടവും ജീവഹാനിയും സംഭവിച്ചു. എന്നാൽ കാഞ്ഞിരപ്പിള്ളി താലൂക്കിനെ അതിരൂക്ഷമായാണ് പ്രളയം ബാധിച്ചത്. കൂട്ടിക്കലിലെ കാവാലി , പ്ലാപ്പള്ളി,എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ കാഞ്ഞിരപ്പിള്ളി,കപ്പാട്, മണിമല, വെള്ളാവൂർ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെറുവള്ളി പാലം, പഴയിടം ക്രോസ് വെ, വെള്ളാവൂർ തൂക്കുപാലം എന്നിവയ്ക്ക് നാശം നേരിടുകയും ചെയ്തു. നഷ്ടത്തിന്റെ തോത് വിവിധ സ്ലാബുകളിലാക്കി 15 ശതമാനം വരെയുള്ളവർ, 16 മുതൽ 29 ശതമാനം വരെ, 30 മുതൽ 59 ശതമാനംവരെ, 60 മുതൽ 74 ശതമാനം വരെ, 75 മുതൽ 100 ശതമാനം വരെ
എന്നിങ്ങനെ മാറ്റാനും പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തിൽ സർക്കാർ ധനസഹായം അടിയന്തിരമായി നൽകുമെന്ന് മന്ത്രി അറിയിച്ചു.