വൈക്കം : സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂൾ വിദ്യാർത്ഥികൾ കൃഷിപാഠം പദ്ധതിയിൽപ്പെടുത്തി നടത്തിയ ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി വിദ്യാർത്ഥികൾ നടത്തുന്ന പച്ചക്കറി കൃഷി നമ്മുടെ ഇപ്പോഴത്തെ ജീവിത സാഹചര്യത്തിന് വിലപ്പെട്ട സംഭാവനയാണെന്നും പഠനത്തോടൊപ്പം വിദ്യാർത്ഥികൾ കൈവരിച്ച കൃഷിപാഠം പദ്ധതി സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ വളപ്പിലാണ് വിദ്യാർത്ഥികളുടെ കൂട്ടായ്മ ഏത്തവാഴ കൃഷി നടത്തിയത്. പച്ചക്കറി കൃഷിയോടൊപ്പം പാടശേഖരങ്ങളിൽ നെൽകൃഷിയും രണ്ട് കുളങ്ങളിൽ കരിമീൻ കൃഷിയും വിദ്യാർത്ഥികൾ നടത്തുന്നു. കൃഷി നടത്തിപ്പിലൂടെ കിട്ടുന്ന ലാഭം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്. എൻ.എസ്.എസ് യൂണിറ്റുകൾ, സ്റ്റുഡന്റ്സ് പൊലീസ്, റെഡ് ക്രോസ്, പി.ടി. എ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ.ബിന്ദുവിന് വാഴക്കുല കൈമാറി രമേശ് ചെന്നിത്തല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽമാരായ ഷാജി ടി കുരുവിള , എ.ജ്യോതി, പ്രധമാദ്ധ്യാപിക പി. ആർ.ബിജി, എൽ.പി എച്ച്.എം പി.ടി.ജിനീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മഞ്ജു എസ് നായർ, ഇ.പി.ബീന, എസ്.പി.സി.സി.പി.ഒ മാരായ ആർ.ജഫിൻ ,പി.വി.വിദ്യ , കൃഷിപാഠം കോ-ഓർഡിനേറ്റർ പ്രീതി വി പ്രഭ , സി.എസ്.ജിജി , പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.