urul

കോട്ടയം: ആളപായമുണ്ടായില്ലെങ്കിലും വീണ്ടും ഉരുൾപൊട്ടുന്നത് മലയോരത്തെ ആശങ്കയിലാഴ്ത്തുന്നു. എരുമേലി എയ്ഞ്ചൽ വാലി പ്രദേശത്താണ് ഇന്നലെ ഉരുളുപൊട്ടിയത്. ഇവിടെ ഉരുളുപൊട്ടൽ ഇതാദ്യമാണ്.

ഇന്നലെ മൂന്നോടെ വനത്തിൽ നിന്ന് കുതിച്ചു പാഞ്ഞെത്തിയ വെള്ളം എയ്ഞ്ചൽവാലി പള്ളിപ്പടിമേഖലയെ മൂടി. പേടിച്ച നാട്ടുകാർ പുറത്തേയ്ക്ക് ഓടിയതിനാൽ ആളപായമുണ്ടായില്ല. വീടുകളിലും കടകളിലുമായി ഉരുൾവെള്ളം നിറഞ്ഞ് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. മുഴുവൻ പേരേയും ഇന്നലെ രാത്രിയോടെ ക്യാമ്പിലേയ്ക്ക് മാറ്റിപ്പാർപ്പിക്കാനായി.

 ഇന്ന് അതികഠിന മഴ

ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.

മുൻ വർഷങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവരും അപകട സാദ്ധ്യതാ മേഖലകളായും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളായും കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങാൻ പാടില്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടം ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കണം.