ഈരാറ്റുപേട്ട : വീടുകൾ കേന്ദ്രീകരിച്ച് കാർഷിക പോഷക ഉദ്യാനങ്ങൾ നിർമിക്കുന്ന അഗ്രിന്യൂട്രി ഗാർഡൻ പദ്ധതിക്ക് ഈരാറ്റുപേട്ട ബ്ലോക്കിൽ തുടക്കം. സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ ഓരോ കുടുംബത്തെയും പോഷകസമൃദ്ധിയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. ബ്ലോക്ക് പരിധിയിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലെയും കുടുംബങ്ങൾക്ക് പോഷകസമൃദ്ധമായ അഞ്ചിനം കാർഷിക വിളകളും രണ്ടുതരം ഫലവൃക്ഷതൈകളും വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ ഒരു വാർഡിൽ 50 പേർക്കാണ് നൽകുക. ബ്ലോക്കിലെ 5300 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. കുടുംബശ്രീ അംഗങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. തിടനാട് ചെമ്മലമറ്റം ജനകീയ ഹോട്ടൽ മൈതാനത്തു നടന്ന ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മേഴ്‌സി മാത്യു ഉദ്ഘാടനം നിർവഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്ജ് തൈ നടീൽ ഉദ്ഘാടനം ചെയ്തു.