കുമരകം : കേരളത്തിൽ ശക്തമായ മഴ തുടരുകയാണെന്ന വാർത്ത അന്യസംസ്ഥാനങ്ങളിൽ പ്രചരിച്ചതോടെ കൊയ്ത്ത് യന്ത്രങ്ങൾക്ക് കടുത്ത ക്ഷാമം. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് ഇടനിലക്കാർ കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചുകൊണ്ടിരുന്നത്. മഴ ശക്തമായി തുടരുന്ന കുട്ടനാടൻ പാടശേഖരങ്ങളിൽ യന്ത്രം ഇറക്കിയാൽ കൂടുതൽ മണിക്കൂറുകൾ കാെയ്യാനാകാതെ വരുമെന്നും ചെളി നിറഞ്ഞ പാടത്ത് താഴ്ന്ന് കൂടുതൽ തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന പ്രചാരണമാണ് യന്ത്രങ്ങളുടെ ക്ഷാമത്തിന് കാരണം.കേരളത്തിൽ എത്തിച്ചിരിക്കുന്ന കൊയ്ത്ത് യന്ത്രങ്ങൾക്ക് മണിക്കൂറിന് 2400 രൂപ വരെയാണ് വാടകയായി ആവശ്യപ്പെടുന്നതെന്ന് കർഷകർ പറയുന്നു.1700 രൂപ മുതൽ 2000 രൂപ വരെയായിരുന്നു നിലവിലെ വാടക. കർഷകർ പൊതുയോഗം കൂടി വാടക പറഞ്ഞുറപ്പിച്ച് ഏർപ്പാടാക്കിയ യന്ത്രങ്ങളുടെ എണ്ണത്തിന്റെ പകുതി പോലും കരാറുകാർ എത്തിച്ചില്ല. കാെയ്യാൻ ദിവസങ്ങൾ കഴിഞ്ഞ പാടശേഖരങ്ങളിലെ കർഷകർക്ക് മഴയും യന്ത്ര ക്ഷാമവും തിരിച്ചടിയായി.

സംഭരണവും പ്രതിസന്ധിയിൽ

ആർപ്പൂക്കര ഒന്നാം വാർഡിലെ കേളക്കരി വട്ടക്കായൽ പാടം ജൂൺ ആദ്യം വിതച്ചതാണ്. 300 ഏക്കറുള്ള ഇവിടെ എട്ട് കാെയ്ത്ത് യന്ത്രങ്ങൾക്ക് 50,000 രൂപ കരാറുകാരനിൽ നിന്ന് പാടശേഖരസമിതി സെക്യൂരിറ്റി വാങ്ങി ഏർപ്പാടാക്കിയിരുന്നു. എന്നാൽ കരാറുകാരന് എത്തിക്കാനായത് രണ്ട് യന്ത്രങ്ങൾ മാത്രം. ഇതോടെ ആഴ്ചകൾക്ക് മുൻപ് വീണടിഞ്ഞ നെൽക്കതിരുകൾ ചീഞ്ഞും കിളർത്തും നശിച്ചതിനാൽ ഉപേക്ഷിക്കേണ്ട നിലയിലായി.

പുരുഷൻ കാെങ്ങിണിക്കരി, റെജി മാേൻ കരീമഠം, പ്രഭൻ കണ്ണാടിച്ചാൽ, മോഹനൻ ആശാംപറമ്പ് തുടങ്ങിയ കർഷകരുടെ 150 ഓളം ഏക്കറിലെ നെല്ല് കാെയ്യാനാകാതെ കിടക്കുകയാണ്. കർഷക തൊഴിലാളികളെ ഇറക്കി കൊയ്യിക്കാനും സാധിക്കാത്ത അവസ്ഥയിൽ കർഷകർ നേരിടുന്നത് വൻ നഷ്ടമാണ്. കൊയ്ത് കൂട്ടിയ നെല്ലാകട്ടെ സംഭരണം തുടങ്ങിയില്ല.

കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് കൊയ്ത്ത് വേഗം നടത്താൻ ശ്രമം തുടരുകയാണ്. കർഷകരുടെ പ്രശ്നങ്ങൾ ഉടൻ പരഹരിക്കും

ജാേസ്ന ജാേബി, കൃഷി ഓഫീസർ