അയ്മനം: വല്ല്യാട് ഗുരുദേവ ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിലെത്തിയ മേൽശാന്തി ബിന്ദുനാഥാണ് മോഷണം വിവരം ആദ്യം അറിഞ്ഞത്. ക്ഷേത്രത്തിൽ ഉണ്ടായിരുന്ന നാല് കാണിക്കവഞ്ചികളിൽ മൂന്നെണ്ണം കുത്തിത്തുറന്ന് പണം അപഹരിച്ച നിലയിലായിരുന്നു. സമീപത്ത് നാണയ തുട്ടുകൾ ചിതറി കിടക്കുന്ന നിലയിലായിരുന്നു. ഒരു മാസത്തിന് മുൻപാണ് കാണിക്കവഞ്ചി അവസാനമായി തുറന്ന് പണം എടുത്തത്. വിദ്യാരംഭം പോലുള്ള ചടങ്ങുകൾ ഉണ്ടായിരുന്നതിനാൽ കാണിക്കവഞ്ചിയിൽ കൂടുതൽ പണം ഉണ്ടാകാൻ സാധ്യതയുള്ളതായി ശാഖാ പ്രസിഡന്റ് ഷാജിമോൻ പറഞ്ഞു. സി.സി.ടി.വി സ്ഥാപിക്കാൻ ഇരിക്കവെയാണ് മോഷണം. ഇരുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കരുതന്നതായി സെക്രട്ടറി പി.കെ.ബൈജു അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പരിപ്പ്, പുലിക്കുട്ടിശ്ശേരി ഗുരുദേവ ക്ഷേത്രങ്ങളിലും കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ സമാന രീതിയിൽ മോഷണം നടന്നിരുന്നെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.