കുമരകം : പതിമൂന്നാം വാർഡിൽ ഉമ്മാച്ചേരിൽ ഭാഗത്ത് പുതിയ വീട് പണിത് താമസിക്കുന്ന കുടുംബത്തിന് വാട്ടർ അതോറിറ്റി കനത്ത ബില്ല് . ഫെബ്രുവരിയിൽ കുടിവെള്ള കണക്ഷൻ ലഭിച്ച കൃഷ്ണവിലാസം തോപ്പ് അനൂപിനാണ് 131584 രൂപയുടെ കുടിശിക അടയ്ക്കണമെന്ന അറിയിപ്പ് ലഭിച്ചിരിക്കുന്നത്. 30-ന് മുൻപായി അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്നാണ് മുന്നിറിയിപ്പ്. കണക്ഷൻ ലഭിച്ചതിന് ശേഷം നാളിത് വരെ റീഡിംഗ് എടുക്കുകയോ ബില്ല് നൽകുകയോ ചെയ്തിട്ടില്ല. ഭർത്താവും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന് എട്ടു മാസം കൊണ്ട് ഇത്രയും വലിയ തുകയ്ക്കുള്ള വെള്ളം എങ്ങിനെ ഉപയോഗിക്കാനാവുമെന്ന് വീട്ടുകാർ ചോദിക്കുന്നു. മാത്രമല്ല ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്ന ജലം നാലു മണിക്കൂറിനുള്ളിൽ നിന്നു പോകുന്നതും പതിവാണ് . ഭീമമായ ബില്ലിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇവർ പരാതി നൽകി.