പൊൻകുന്നം : പെരുമഴയിൽ ഗ്രാമീണറോഡുകൾ സഞ്ചാരയോഗ്യമല്ലാത്തവിധം തകർന്നതോടെ ഗ്രാമങ്ങളിൽ യാത്രാദുരിതമേറി. ഹൈവേകൾ ഒഴിച്ചുള്ള എല്ലാ റോഡും തകർന്നതിനാൽ ഉൾപ്രദേശങ്ങളിൽ കഴിയുന്നവർക്ക് പട്ടണവുമായി ബന്ധപ്പെടാൻ ബുദ്ധിമുട്ടായി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ടാറിംഗ് ഇളകി വലിയ കുഴികളും കിടങ്ങുകളും രൂപപ്പെട്ടു. കുഴികളിലെല്ലാം വെള്ളക്കെട്ടാണ്. വെള്ളം മൂടിക്കിടക്കുന്നതിനാൽ കുഴികളുടെ ആഴം അറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ചിറക്കടവ്,ചെറുവള്ളി,കാനം,ശാസ്താംകാവ് ,തമ്പലക്കാട്, പനമറ്റം തുടങ്ങിയ പ്രദേശങ്ങളിലാണ് ചെറുപാതകൾ തകർന്നത്. മഴ കുറഞ്ഞാലും റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.