bus

കോട്ടയം: ഒരു വശത്ത് അറ്റകുറ്റപ്പണിയുടെ ചെലവ്. മറുവശത്ത് കൊവിഡ് മാനദണ്ഡം പാലിച്ച് സർവീസ് നടത്താനുള്ള സാമ്പത്തിക ഭാരം. സ്കൂൾ ബസുകൾ ഓടിക്കേണ്ടെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം സ്കൂളുകളും. സ്കൂൾ തുറക്കും മുന്നേ ബസുകൾക്ക് ഫിറ്റ്നെസ് നേടാനുള്ള അവസാന ദിവസം ഇന്നാണെന്നിരിക്കേ, ജില്ലയിലെ നാലിനൊന്ന് ബസുകൾ മാത്രമേ റോഡിലിറക്കാനുള്ള അനുവാദം തേടിയിട്ടുള്ളൂ.

അറ്റകുറ്റപ്പണിക്ക് പാങ്ങില്ലാത്ത സ്കൂളുകളെ നാട്ടുകാർ സഹായിക്കണമെന്ന മന്ത്രിയുടെ നിർദേശവും നടപ്പായില്ല. രണ്ട് വർഷമായി ഓടാതെ കിടന്നതിനാൽ ഭൂരിഭാഗം ബസുകളുടേയും ടയറും ബാറ്ററിയുമടക്കം കേടായി. ഇതെല്ലാം വൻതുക മുടക്കി ശരിയാക്കിയാലും ഒരു സീറ്റിൽ ഒരു കുട്ടിയെ മാത്രമെ ഇരുത്താനാവൂ. ഇത് വൻ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കും.

ഒന്നോ രണ്ടോ വാഹനങ്ങളാണ് ഭൂരിഭാഗം സ്‌കൂളുകൾക്കുമുള്ളത്. ഈ സാഹചര്യത്തിൽ വാഹനങ്ങൾ 10 ട്രിപ്പിലധികം നടത്തേണ്ടി വരും. പി.ടി.എ ഫണ്ടും മറ്റും ഉപയോഗിച്ചാണ് ഇവയുടെ പ്രവർത്തനം. ട്രിപ്പുകൾ വർദ്ധിപ്പിക്കണമെങ്കിൽ വാഹനം അതിരാവിലെ ഓടി തുടങ്ങണം. ക്ലാസ് തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് കുട്ടികൾ സ്‌കൂളിൽ എത്തേണ്ടിയും വരും. അദ്ധ്യാപകർ 9.30 ആവും എത്താൻ. ഇത്രയും സമയം കുട്ടികളെ ആരു നിയന്ത്രിക്കും എന്നതും പ്രശ്‌നമാണ്. ഈ സാഹചര്യത്തിൽ കുട്ടികൾ തനിയെ വരട്ടെയെന്നാണ് ഭൂരിഭാഗം സ്കൂളുകളുടെയും നിലപാട്.

സർക്കാർ നിർദേശങ്ങൾ

 രോഗ ലക്ഷണമുള്ള വിദ്യാർത്ഥികളെ കയറ്റരുത്
 തെർമൽ സ്‌കാനറും സാനിറ്റൈസറും കരുതണം
 ഒരു സീറ്റിൽ ഒരു കുട്ടി മാത്രം. നിന്നുള്ള യാത്ര പാടില്ല
 കുട്ടികൾ മാസ്‌ക് ധരിക്കണം, അകലം പാലിക്കണം
 തുണി കൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല
 ഓരോ ദിവസവും അണുനശീകരണം നടത്തണം

'' ഈ മാസം ആദ്യം മുതൽ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചതാണ്. ഫിറ്റ്നസ് നേടാത്ത സ്കൂൾ വാഹനം നിരത്തിലിറക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല''

- ജി.സജീവ്,​ ആർ.ടി.ഒ,​ കോട്ടയം

 സ്കൂൾ ബസുകൾ : 455

 ഫിറ്റനസ് നേടിയത്: 100