വൈക്കം : തകർന്നു കിടക്കുന്ന കല്ലുപുര മുണ്ടാർ വാക്കേത്തറ റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് ജനകീയ സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്റി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകി. നിവേദനം സ്വീകരിച്ച മന്ത്റി കിഫ്ബിയിൽ ഉൾപ്പെടുത്തി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലൂ(എഫ്.ഡി.ആർ.)ടെ റോഡ് നിർമാണം നടത്താനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതായി ഭാരവാഹികൾ പറഞ്ഞു.
ഇതുസംബന്ധിച്ച് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കിഫ്ബി പ്രൊജക്ട് ഡയറക്ടർ ഡാർസി ഡിക്രൂസിന് മന്ത്റി നിർദേശം നൽകി. എഫ്.ഡി.ആർ. പദ്ധതിയിൽ റോഡിനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കിഫ്ബി അധികൃതർക്ക് വൈക്കം, കടുത്തുരുത്തി എം.എൽ.എമാർ കത്തു നൽകുന്നതോടെ നടപടിക്രമങ്ങൾക്ക് വേഗം കൂടും. സമിതി രക്ഷാധികാരി എം.കെ.ദിലീപ്, ചെയർമാൻ പി.എ.ഷിബു, കൺവീനർ ജയൻ കല്ലുപുര, ബേബി പോട്ടക്കരി എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നൽകിയത്.
തടസത്തിന് കാരണം
പൊതുമരാമത്ത് വകുപ്പ് കിഫ്ബിയിലൂടെ നിർമിക്കുന്ന റോഡുകൾക്ക് 10 മീറ്റർ വീതി വേണമെന്നുള്ള നിബന്ധനയാണ് കല്ലുപുര - വാക്കേത്തറ റോഡ് നിർമാണത്തിന് തടസമായിരുന്നത്. എന്നാൽ എഫ്.ഡി.ആർ പദ്ധതി വഴി റോഡ് നിർമ്മിക്കുമ്പോൾ ആറു മീറ്ററിനും, എട്ട് മീറ്ററിനും ഇടയിൽ വീതി മതിയെന്നതിനാൽ ഇവിടെ പദ്ധതി നടപ്പാക്കുന്നതിനുള്ള തടസം മാറും. എട്ട് മുതൽ 10 മീറ്റർ വരെ വീതിയാണ് നിലവിൽ റോഡിനുള്ളത്. കടുത്തുരുത്തി, കല്ലറ, തലയാഴം എന്നീ മൂന്നു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.