മുത്തോലി : റോഡ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചപ്പോൾ വാഴനട്ട് പ്രതിഷേധവുമായി മുതലെടുപ്പിന് ചിലർ ശ്രമിക്കുന്നതായി ആക്ഷേപം. മുത്തോലി ഗ്രാമപഞ്ചായത്തിലെ തെക്കുംമുറി വാർഡിലെ കുരുവിനാൽ പരമല റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ചിലർ കുഴികളിലെല്ലാം വാഴനട്ട് പ്രതിഷേധം രേഖപ്പെടുത്തിയത്. പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളുമായി ഗതാഗതയോഗ്യമല്ലാതായ റോഡിന് അറ്റകുറ്റപ്പണികൾക്കായി 5 ലക്ഷം രൂപ മുത്തോലി പഞ്ചായത്തിൽ നിന്ന് അനുവദിച്ചിരുന്നു. പഞ്ചായത്ത് മെമ്പർ ആര്യ സബിൻ മുൻകൈ എടുത്താണ് തുക നീക്കിവച്ചത്. ഇത് അറിഞ്ഞതോടെ രാത്രിയിൽ ചിലർ വാഴനട്ട് പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നുവെന്ന് ആര്യ കുറ്റപ്പെടുത്തി. വാഴനടീൽ സമര നാടകക്കാർക്ക് മറുപടിയുമായി ഇന്നലെ മെമ്പർ ആര്യ സബിൻ ഈ റോഡുവക്കിലുള്ള വീടുകളിലെല്ലാം എത്തി കാര്യങ്ങൾ വിശദീകരിച്ചു. തെക്കുംമുറി വാർഡിലേക്ക് ആകെ അനുവദിച്ച ആസ്തിവികസന ഫണ്ടിൽ 5 ലക്ഷം രൂപയും ഈ റോഡ് ടാർ ചെയ്യുന്നതിന് നീക്കിവയ്ക്കുകയാണെന്ന് വിശദീകരിച്ചു. രാഷ്ട്രീയ വിരോധം നിമിത്തമാണ് ചിലർ വാഴനട്ട് പ്രതിഷേധം നടത്തിയതെന്നും, രണ്ട് വർഷം മുമ്പ് അന്നത്തെ മെമ്പർ ഈ റോഡിനായി ഫണ്ട് നീക്കിവച്ചെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും ആര്യ ചൂണ്ടിക്കാട്ടി.