പാലാ : ഈരാറ്റുപേട്ട, തൊടുപുഴ റോഡുകളിൽ മഴക്കാലത്ത് രാത്രികാലങ്ങളിൽ ഓടകൾ നിറഞ്ഞ് വെള്ളക്കെട്ടുണ്ടാകുന്നത് മൂലം സമീപത്തുള്ള കടകളിൽ വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടാകുന്നതായി പരാതി. രാത്രികാലങ്ങളിൽ കടയിൽ വെള്ളം കയറുമെന്ന ഭീതിയോടെയാണ് വ്യാപാരികൾ കഴിയുന്നത്. വഴിയിലെ കുഴികളും വെള്ളവും മൂലം രാത്രികാലങ്ങളിൽ വാഹനംപോലും ഓടിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. പാലാ നഗരസഭാധികാരികൾ അധികാരം ഏറ്റെടുത്തപ്പോൾ നൽകിയ മുഖ്യവാഗ്ദാനങ്ങളിലൊന്ന് ഓടകൾ വൃത്തിയാക്കി മലിനജലവും മഴവെള്ളവും ഒഴുകാനുള്ള സാഹചര്യം ഒരുക്കുമെന്നായിരുന്നു. എന്നാൽ നാളിതുവരെയായിട്ടും ഓടകൾ വൃത്തിയാക്കാനോ ജനങ്ങളുടെയും വ്യാപാരികളുടെയും ദുരിതത്തിന് അറുതിവരുത്തുവാനോ കഴിഞ്ഞിട്ടില്ലെന്ന് പാലാ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷോജി ഗോപി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.