വൈക്കം : ടി.വി പുരം ചേരിക്കൽ ഭാഗത്ത് നിർമ്മിച്ച നാലു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള സംഭരണി ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും കുടിവെള്ള വിതരണം ആരംഭിച്ചില്ലെന്ന് ആക്ഷേപം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച് പൂർത്തിയാക്കാൻ കഴിയാതെ വന്ന കുടിവെള്ള സംഭരണി ഇടതുസർക്കാർ പൂർത്തിയാക്കി മന്ത്റി വന്ന് ഉദ്ഘാടനവും നടത്തിയെങ്കിലും ടാങ്കിൽ നിന്നുള്ള കുടിവെള്ള വിതരണം ഇനിയും തുടങ്ങിയിട്ടില്ല. നിലവിൽ ടി.വി പുരം പഞ്ചായത്തിലുള്ള രണ്ടു ജലസംഭരണികളിലും കൂടി അറുപതിനായിരം ലിറ്റർ വെള്ളം മാത്രമേ സംഭരിക്കാൻ കഴിയുന്നുള്ളൂ. തീരദേശമായതിനാൽ ഓരുജല ഭീഷണി നേരിടുന്ന പ്രദേശത്ത് പൊതുടാപ്പുകളിലെ വെള്ളമാണ് ആശ്രയം. റീബിൽഡ് കേരള ഇനിഷിയേറ്റീവിന്റെ ഭാഗമായി 10,35000 രൂപ വിനിയോഗിച്ച് ജലവിതരണ കുഴലുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. കായലോര മേഖലയിലും മൂത്തേടത്തുകാവ് ഭാഗത്തും ജല വിതരണ കുഴലുകൾ മാറ്റി സ്ഥാപിച്ചു. ഇനി ചെമ്മനത്തുകര ഭാഗത്താണ് ജലവിതരണ കുഴലുകൾ സ്ഥാപിക്കാനുള്ളത്.
അധികൃതരുടെ വിശദീകരണം
പഴയ ജലവിതരണ കുഴലുകൾ ജല സമ്മർദ്ദം താങ്ങാനാവാതെ പൊട്ടി പോകുന്നതിനാലാണ് പുതിയ ഓവർ ഹെഡ് ടാങ്കിൽ നിന്ന് കുടിവെള്ള വിതരണം ആരംഭിക്കാത്തത്. ജല വിതരണ കുഴലുകൾ പൂർണമായി സ്ഥാപിച്ചു കഴിയുമ്പോൾ വീട്ടുമുറ്റത്ത് കുടിവെള്ളമെത്തിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
40 വർഷത്തിലേറെ പഴക്കമുള്ള ജീർണ്ണിച്ചു തകർന്ന ജല വിതരണക്കുഴലുകൾ മാറ്റി ഗുണമേന്മയേറിയ പുതിയെ പൈപ്പ് ലൈൻ സ്ഥാപിച്ചു വരികയാണ്. രണ്ടുമാസങ്ങൾക്കുള്ളിൽ ഇത് പൂർത്തിയാക്കി കുടിവെള്ള വിതരണം കാര്യക്ഷമമാക്കും.
കവിത റെജി , പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു