വൈക്കം : കാൽനടയാത്രപോലും സാധ്യമാകാത്ത നിലയിൽ കുണ്ടും കുഴിയുമായി തകർന്ന വൈക്കം - വെച്ചൂർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് വെച്ചൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഔട്ട്‌പോസ്റ്റ് ജംഗ്ഷനിൽ നിന്ന് 12 കിലോമീറ്റർ ദൂരം കാൽനടയാത്ര ചെയ്താണ് സമരക്കാർ പ്രതിഷേധമറിയിക്കാൻ വൈക്കത്തെത്തിയത്. തോട്ടുവക്കം പാലം മുതൽ വെച്ചൂർ അച്ചിനകം വരെയുള്ള റോഡ് വർഷങ്ങളായി കുണ്ടുംകുഴിയുമായി തകർന്ന നിലയിലാണ്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ വെച്ചൂർ പഞ്ചായത്ത് ഭരണകക്ഷിയും, വിവിധ രാഷ്ട്രീയ സംഘടനകളും ഒട്ടേറെ തവണ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. റോഡിന്റെ ദുരവസ്ഥ വെച്ചൂർ, തലയാഴം പഞ്ചായത്തുകളിലെ ജനജീവിതത്തെ വിഷമത്തിലാക്കിയ സാഹചര്യത്തിലാണ് സ്ത്രീകളടക്കമുള പ്രദേശവാസികൾ സമരത്തിലണിനിരന്നതെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. കോട്ടയം ആലപ്പുഴ ജില്ലകളെ എളുപ്പമാർഗ്ഗം ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.

വൈക്കം പൊതുമരാമത്ത് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരം ഡി സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. പോൾസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ,തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോൻ,സണ്ണി പോട്ടയിൽ,അക്കരപ്പാടം ശശി,ഭൈമി വിജയൻ, ബി.അനിൽകുമാർ,മോഹൻ ഡി.ബാബു,ഷീജ ഹരിദാസ്,പി.എൻ. ബാബു, എ.സനീഷ് കുമാർ, കെ.സുരേഷ് കുമാർ, പി.വി.ജയന്തൻ, ഷാജി മുഹമ്മദ്, പി.ജി. ഷാജി, പി.കെ. മണിലാൽ, സോജി ജോർജ്ജ്,ജയ് ജോൺ പേരയിൽ ,അബ്ദുൾ സലാം റാവുത്തർ,വർഗീസ് പുത്തൻചിറ,എസ്.നോജ്കുമാർ,മുരളി നീണ്ടൂർ,ബിൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു.

അറ്റകുറ്റപ്പണിയ്ക്ക് ഫണ്ട് അനുവദിച്ചു പക്ഷെ !

ഉന്നത നിലവാരത്തിൽ റോഡ് നിർമ്മാണം നടത്താൻ മാസങ്ങൾക്ക് മുമ്പ് കിഫ്ബി പദ്ധതി ഏറ്റെടുത്തെങ്കിലും ഇത് വരെ നിർമ്മാണം തുടങ്ങാനായില്ല. ഈ സാഹചര്യത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപ മെയിന്റനൻസ് ഫണ്ട് അനുവദിച്ചെങ്കിലും ആ ജോലിയും വൈകുകയാണ്. 14 മീറ്റർ വീതിയിൽ ഉന്നതനിലവാരത്തോടെ നിർമ്മിക്കാൻ 93 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റോഡിന് വീതി കൂട്ടാൻ സ്ഥലമെടുപ്പിന് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള തുകയും അഞ്ചുമനപ്പാലത്തിന്റെ നിർമ്മാണത്തിനും ഉൾപ്പെടെയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. റോഡ് വികസനത്തിന് സ്ഥലമെടുപ്പ് നടപടി ഇതുവരെ തുടങ്ങിയിട്ടില്ല. ഇക്കാരണത്താൽ നിർമ്മാണം വൈകുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണിക്ക് 25 ലക്ഷം രൂപ അനുവദിച്ചതെന്ന് അധികൃതർ പറഞ്ഞു.