കുമരകം : കുഴി അടയ്ക്കും, വീണ്ടും പൊങ്ങും. കുമരകം റാേഡിലെ ചന്തക്കവല ഭാഗത്ത് യാത്രക്കാരുടെ നടുവൊടിക്കാൻ കുഴികൾ എണ്ണം പെരുകുകയാണ്. ഒപ്പം അപകടഭീഷണിയും. അഞ്ചു തവണ അറ്റകുറ്റപ്പണി നടത്തിയിട്ടും കുഴികൾ ദിവസങ്ങൾക്കുള്ളിൽ വീണ്ടും രൂപപ്പെടും. റോഡിന് ഒരു വശം കടകളും, മറുവശം കുമരകം ബസ് കാത്തിരിപ്പുകേന്ദ്രവും ആണ്. കുഴികളിലെ ചെളി വെള്ളം തെറിച്ചു വീണ് ബസ് കാത്തിരിക്കുന്നവരും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുകൾ സഹിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. അട്ടിപ്പീടിക റോഡിന്റ ആരംഭഭാഗത്ത് ടൈലുകൾ നിരത്തിയതോടെയാണ് ജംഗഷനിലെ കുഴിയും വെള്ളക്കെട്ടിനും പരിഹാരമായത്. ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ഫ്ലോർ ടൈലുകൾ പാകി കുമരകം ചന്തക്കവലയിലെ കുഴികൾ അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഇത് സഹായകരമാകും.