മുണ്ടക്കയം : വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ ഉരുൾപൊട്ടലിൽ പെരുവന്താനം പഞ്ചായത്തിലെ പാറാംതോട് , മുക്കുഴി, തടിത്തോട് ഭാഗത്ത് വ്യാപകനാശം. എട്ടാം വാർഡിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. നാല് ഉരുളുകളാണ് മേഖലയിൽ പൊട്ടിയത്. തടിത്തോട് കുഴിമ്പുള്ളി ശശിയുടെ വീടിനു സമീപമുള്ള തോട്ടിൽ വെള്ളം ഇരച്ചെത്തിയതോടെ വീടിന് കേടുപാടുകൾ സംഭവിച്ചു. വീടിന്റെ മുറ്റത്ത് കിടന്ന കാർ ഒഴുക്കിൽപ്പെട്ടു. കുറ്റിക്കയം തടത്തിൽ സുരേഷ്, മുക്കുഴി കൊച്ചുപുരയ്ക്കൽ സജിമോൻ എന്നിവരുടെ വീടുകൾ അപകടാവസ്ഥയിലായി. മറ്റ് നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കൃഷിയിടങ്ങൾ ഒലിച്ചു പോയി. തടിത്തോട് - മുക്കുഴി റോഡ്, മൂഴിക്കൽ - മുക്കുഴി റോഡ്, മൂഴിക്കൽ - പാറാംതോട് റോഡ് എന്നിവ പൂർണമായും തകർന്നു.