കോട്ടയം : ഒന്നരവർഷത്തിനുശേഷം സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിന്റെ ആവേശത്തിൽ വിദ്യാർത്ഥികളിരിക്കുമ്പോൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ വിദ്യാർത്ഥികൾക്ക് സ്‌കൂളിലെത്തണമെങ്കിൽ അധികൃതർ കനിയണം. കോട്ടയം - കോടിമത ബോട്ട് ജെട്ടിയിൽ നിന്നുള്ള ബോട്ട് സർവീസ് പ്രയോജനപ്പെടുത്താനാകാതെ 16ൽ ചിറ, ആർ ബ്ലോക്ക് നിവാസികളും, വിദ്യാർത്ഥികളുമാണ് ദുരിതത്തിലായത്. 16-ൽ ചിറയിലെ താത്കാലിക പൊക്കുപാലത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ പള്ളം വഴിയാണ് ബോട്ട് സർവീസ്. കോട്ടയം ടൗണിലേയ്ക്ക് എത്താൻ കോടിമത ബോട്ട് സർവീസ് മാത്രമാണ് ഏകആശ്രയം. കാഞ്ഞിരം, കാരാപ്പുഴ, വെട്ടിക്കാട്, ആർ ബ്ലോക് എന്നീ കായൽ മേഖലകളിൽനിന്നുള്ളവരാണ് ഭൂരിഭാഗവും കഷ്ടപ്പെടുന്നത്. നഗരത്തിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന 60 ഓളം കുട്ടികളാണ് ബോട്ട് സർവീസിനെ ആശ്രയിക്കുന്നത്.
കോടിമതയിൽ നിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. കോടിമതയിൽ നിന്ന് കാഞ്ഞിരം വരെ ഏഴ് പാലങ്ങളാണുള്ളത്. ഇതിൽ അഞ്ചെണ്ണം താത്കിലാക പാലങ്ങളാണ്. കാഞ്ഞിരം, 16-ൽ ചിറ പാലങ്ങൾ തകരുന്നത് പതിവാണെന്ന് ജീവനക്കാരും പറയുന്നു. 29 രൂപയാണ് കോടിമതയിൽ നിന്നും ആലപ്പുഴയിലേക്കുള്ള ചാർജ്. കോടിമതയിൽ നിന്ന് രാവിലെ 6.45, 11.30, 1, 3.30, 5.15 എന്നിങ്ങനെയാണ് സമയം. ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്ക് 7.15, 9.30, 11.30, 5.15 എന്നിങ്ങനെയാണ് സമയം.
ബോട്ട് സർവീസും പ്രതിസന്ധിയിൽ
നീരൊഴുക്ക് തടസ്സപ്പെടുന്നതും പോളശല്യവും കൂടാതെ, പാലങ്ങളുടെ തകർച്ചയും മൂലം സർവീസ് കൃത്യമായി നടത്താനാകുന്നില്ല. കൊവിഡ് മൂലം തകർന്ന ജലടൂറിസം പച്ചപ്പിടിച്ച് വരുന്നതിനിടെയാണ് പാലങ്ങൾ തടസമാകുന്നത്. അവധിക്കാലം ബോട്ട് യാത്രയിലൂടെ നിരവധി ആളുകൾ എത്തിയിരുന്നു.
സ്‌കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച്് പടിഞ്ഞാറൻ മേഖലയിലെ കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിനായി സ്‌കൂൾ അധികൃതർ ബന്ധപ്പെട്ടിരുന്നു. ഇതിനുള്ള ക്രമീകരണങ്ങളെപ്പറ്റി ആലോചന നടക്കുകയാണ്.
നജീബ്, കോടിമത ബോട്ട് ജെട്ടി സ്‌റ്റേഷൻ ഓഫീസർ