വൈക്കം: വല്ലകം ശ്രീകൃഷ്ണ ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ ശ്രീ മഹാദേവ കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിരോധ മരുന്ന് വിതരണം നടത്തി. വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ ശിൽപശാലയിൽ മുൻനഗരസഭ ചെയർമാൻ എൻ.അനിൽബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. മഹാദേവ കോളേജ് ചെയർമാനും ഗ്രന്ഥകാരനുമായ ടി.ആർ.എസ് മേനോൻ ഉദ്ഘാടനം നിർവഹിച്ചു. പുരാതന ആയുർവേദ ഗ്രന്ഥമായ യോഗരത്‌നാകരത്തിൽ സന്നിപാദജ്വര ചികിത്സയിൽ പ്രതിപാദിച്ചിട്ടുള്ള മാതുലുംഗാദി നസ്യം എന്ന തുള്ളിമരുന്നാണ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. പകർച്ചപ്പനികളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഈ ഔഷധം മഹാമാരി കാലത്ത് ഉപയോഗിച്ചവരിൽ ഫലപ്രദമായി പ്രതിരോധം സാദ്ധ്യമായെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഹൈ റിസ്‌ക് മേഖലയിലുള്ള ടാക്‌സി ഡ്രൈവർമാർ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി ഔഷധം പതിവായി ഉപയോഗിച്ചവരിൽ ഫലപ്രദമായ പ്രതിരോധം സാദ്ധ്യമായിട്ടുണ്ട്. ശ്രീകൃഷ്ണ ആയുർവേദ കേന്ദ്രം ഡയറക്ടർ ഡോ. വിജിത്ത് ശശിധർ ആരോഗ്യ ശിൽപശാലയ്ക്ക് നേതൃത്വം നൽകി. മഹാദേവ കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട്, വാർഡ് കൗൺസിലർ എ.സി മണിയമ്മ, സെറ്റിന പി. പൊന്നപ്പൻ, ബി. മായ, സിന്ധു മധു, എം. ശോണിമ, ബിച്ചു എസ്. നായർ, അനുപമ പി. നാഥ്, എം.എസ് ശ്രീജ എന്നിവർ പ്രസംഗിച്ചു.