അടിമാലി: ദേശീയ പാതയിൽ അടിമാലി അമ്പലപ്പടിക്ക് സമീപം കാൽനട യാത്രക്കാരനായ യുവാവിനെ ഇടിച്ചു വീഴ്ത്തിയ വാഹനനത്തിന്റെ ഡ്രൈവറെ പിടികൂടി. കോവിലൂർ സ്വദേശി ജോസ് മൈക്കിളിനെ (52) അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇടിച്ചു വീഴ്ത്തിയ വാഹനനം മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് പള്ളിക്കു സമീപം ഉള്ള ഫ്‌ളാറ്റിൽനിന്നും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ടാസ് മാർക്കറ്റിങ് കമ്പനി ഉടമ ടോമിയുടെ മകൻ ടിൽബിൻ (21)നെ അമിത വേഗതയിൽ വരികയായിരുന്ന ജീപ്പ് ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ ഓടിച്ചു പോയി.ഇതു സംബന്ധിച്ച് അടിമാലി പൊലീസ് നടത്തിയ അന്വേഷണത്തിൽ ടൗണിലെ മെറീന കോംപ്ലക്‌സിൽ നിന്ന് ജീപ്പ് പുറത്തേക്ക് പോകുന്നതും അപകടം സംഭവിച്ച സ്ഥലത്തെ നിരീക്ഷണ കാമറയിലും വാഹനത്തെ സംബന്ധിച്ച് വ്യക്തത ലഭിച്ചിരുന്നു.