കോട്ടയം : സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിടസുരക്ഷാപദ്ധതിയായ ലൈഫ് മിഷൻ വഴിയുള്ള ഭവനനിർമ്മാണ സഹായത്തിനായി ജില്ലയിൽ ലഭിച്ച അപേക്ഷകളുടെ അർഹതാപരിശോധന നവംബർ 1 ന് ആരംഭിക്കും. കഴിഞ്ഞ വർഷം ആഗസ്റ്റ് 1 മുതൽ സെ്ര്രപംബർ 23 വരെയും ഈ വർഷം ഫെബ്രുവരി 15 മുതൽ 22 വരെയും അക്ഷയ കേന്ദ്രങ്ങൾ, തദ്ദേശസ്ഥാപനഹെൽപ് ഡെസ്‌കുകൾ എന്നിവ വഴിയും സ്വന്തമായും ഓൺലൈനായി നൽകിയ അപേക്ഷകളാണ് ഫീൽഡ് തലത്തിൽ പരിശോധിക്കുന്നത്. ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തിൽ 29,102 പേരും ഭൂരഹിത ഭവനരഹിതരുടെ വിഭാഗത്തിൽ 14,820 പേരുമാണ് അപേക്ഷിച്ചിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ ലൈഫ് പദ്ധതി നിർവ്വഹണോദ്യോഗസ്ഥർ പരിശോധനയ്ക്കു നേതൃത്വം നൽകും. അപേക്ഷകളിലെ തെറ്റുകൾ തിരുത്താനും രേഖകൾ അപ്‌ലോഡ് ചെയ്യാനും ഈ സമയത്ത് അവസരമുണ്ടാകും. എന്നാൽ അപേക്ഷയോടൊപ്പം സമർപ്പിച്ച റേഷൻ കാർഡിൽ മാറ്റം വരുത്താനാവില്ല. പരിശോധന നവംബർ 30 ന് പൂർത്തിയാക്കി ഡിസംബർ 1ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളുള്ളവർക്ക് ബ്ലോക്ക് ജില്ലാതല അപ്പീൽ കമ്മിറ്റികളെ സമീപിക്കാം.
അന്തിമ ഗുണഭോക്തൃപട്ടിക 2022 ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും. പരിശോധന കുറ്റമറ്റതാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല മോണിട്ടറിങ് സമിതിയുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനാദ്ധ്യക്ഷന്മാരുടേയും, സെക്രട്ടറിമാരുടേയും യോഗം ഓൺ ലൈനിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രിസഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോ-ഓഓർഡിനേറ്റർ കെ.പ്രവീൺ പദ്ധതി വിശദീകരിച്ചു. എ.ഡി.എം ജിനു പുന്നൂസ്, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറ്ക്ടർ പി.എസ്. ഷിനോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ എന്നിവർ പങ്കെടുത്തു.