പൊൻകുന്നം:ശബരിമല തീർത്ഥാടനപാതയിൽ ശരണമന്ത്രങ്ങൾ മുഴങ്ങാൻ ഇനി രണ്ടാഴ്ച മാത്രം. പക്ഷേ അയ്യപ്പന്മാരുടെ പ്രധാന പാതകളിലൊന്നായ പൊൻകുന്നം എരുമേലി സമാന്തരപാത നിറയെ കുഴികളാണ്.വടക്കൻ കേരളത്തിൽ നിന്നും ആന്ധ്ര തമിഴ്‌നാട് തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർ ഇതുവഴിയാണ് എരുമേലിയിലെത്തുന്നത്.പാത തുടങ്ങുന്ന പൊൻകുന്നം കെ.വി.എം.എസ് ജംഗ്ഷനിൽ തന്നെ എണ്ണിയാൽ തീരാത്ത വിധം കുഴികളാണ്. വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസവും അപകടത്തിൽ ഒരാൾ മരിച്ചു. മുൻവർഷങ്ങളിലൊക്കെ മണ്ഡലകാലത്തിനു മുമ്പേ മുന്നൊരുക്കങ്ങളുടെ ഭാഗമായി പമ്പയിലേക്കുള്ള എല്ലാ വഴികളും അറ്റകുറ്റപ്പണികൾ നടത്തി കുറ്റമറ്റ രീതിയിൽ വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷവും ഈ വർഷവും റോഡുകളിൽ കാര്യമായ പണികളൊന്നും നടത്തിയില്ല. അതോടൊപ്പം പെരുമഴയും വെള്ളപ്പൊക്കവും വന്നതോടെ റോഡുകളുടെ അവസ്ഥ തീർത്തും ദയനീയമായി.

നടപടി സ്വീകരിക്കും

അടിയന്തിരമായി റോഡുകൾ നന്നാക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. അതേസമയം അറ്റകുറ്റപ്പണികൾക്കായി ഈ വർഷം തുകയൊന്നും അനുവദിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ചിത്രം-പൊൻകുന്നം എരുമേലി റോഡ്. തുടക്കം കുഴികളോടെ,ഇവിടെയാണ് കഴിഞ്ഞദിവസം അപകടത്തിൽ ഒരാൾ മരിച്ചത്.