മുണ്ടക്കയം: ദുരിതാശ്വാസ ക്യാമ്പുകൾക്ക് പൂട്ടുവീഴുമ്പോൾ അവർ തകർന്ന മനസുമായി പടിയിറങ്ങുകയാണ്. പാതി തകർന്ന വീടുകൾ വൃത്തിയാക്കി എങ്ങനെയും ജീവിതം തള്ളിനീക്കാം എന്ന ചിന്തയാണ് അവരിൽ പലർക്കും. സുരക്ഷയും മറ്റും കണക്കിലെടുക്കാതെയാണ് ആളുകൾ ക്യാമ്പ് ഒഴിഞ്ഞു തുടങ്ങിയത്. വീടുകൾ പൂർണമായും നശിച്ച ആളുകൾ ബന്ധുവീടുകളിലും വാടക വീടുകളിലും അഭയം തേടിയിട്ടുണ്ട്. ശേഷിച്ച ആളുകളെ ഉൾപ്പെടുത്തി മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകളിൽ രണ്ട് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കൊക്കയാർ പഞ്ചായത്തിൽ സ്‌കൂളുകളിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പുകൾ മാറ്റാൻ സാധിച്ചിട്ടില്ല. വില്ലേജ് പരിധിയിൽ 10 ക്യാമ്പുകളിൽ അഞ്ച് ക്യാമ്പുകളാണ് സ്‌കൂളുകളിൽ ഉള്ളത്.
കൂട്ടിക്കൽ പഞ്ചായത്തിൽ ഏന്തയാർ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലും, മുണ്ടക്കയം പഞ്ചായത്തിൽ എസ്.എൻ സ്‌കൂളിലുമാണ് ക്യാമ്പുകൾ പുതുതായി പ്രവർത്തനം ആരംഭിച്ചത്. വേണ്ടി വന്നാൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായി മുണ്ടക്കയം പുത്തൻചന്തയിലെ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റിനായി നിർമ്മിച്ച കെട്ടിടം ശുചീകരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.