മുണ്ടക്കയം: മുറികല്ലുംപുറത്ത് ആറ്റുപുറമ്പോക്കിൽ താമസിക്കുന്നവരും എസ്റ്റേറ്റ് അധികൃതരുമായി വീണ്ടും സംഘർഷം. ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വീടുകൾ പ്രളയത്തിൽ തകർന്നതിനെ തുടർന്ന് ക്യാമ്പുകളിലായിരുന്നു ആറ്റോരം നിവാസികൾ. ഇതിനിടെ വീടിന് സമീപം ഉണ്ടായിരുന്ന വാഴകൾ എസ്റ്റേറ്റ് തൊഴിലാളികൾ കള വെട്ടുന്നതിന്റെ പേരിൽ വെട്ടിയെന്നും ഇത് ചോദ്യം ചെയ്‌പ്പോൾ മർദ്ദിക്കാൻ ശ്രമിച്ചെന്നും ആറ്റോരം നിവാസികൾ പറയുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആറ്റോരം നിവാസികൾ തിരികെയെത്തി എസ്റ്റേറ്റിന് സമീപം കുടിൽ കെട്ടിയിട്ടുണ്ട്. ഇതേ തുടർന്ന് മനപൂർവം പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ എസ്റ്റേറ്റ് അധികൃതർ ശ്രമിച്ചതെന്നാണ് ആരോപണം. ക്യാമ്പുകളിൽ നിന്നെത്തിയ കുട്ടികൾ ഉൾപ്പെടെയുള്ളവർ മുറികല്ലുംപുറം സമരപന്തലിലാണ് ഇപ്പോഴുള്ളത്. എന്നാൽ ആറ്റോരം നിവാസികൾക്ക് കാരണമില്ലാതെ പ്രകോപനം ഉണ്ടാക്കുകയായിരുന്നുവെന്ന് എസ്റ്റേറ്റ് തൊഴിലാളികൾ പറയുന്നു. എസ്റ്റേറ്റ് വക സ്ഥലത്ത് കുടിൽ കെട്ടിയതിനെ പോലും ചോദ്യം ചെയ്തിട്ടില്ലെന്നും എസ്റ്റേറ്റ് അധികൃതർ പറയുന്നത്. പൊലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.