പാലാ: അധികൃതരേ ഒന്ന് ഇടപെടൂ, പ്ലീസ്..... അപകടനിലയിലായ കൊല്ലപ്പിള്ളി പുളിച്ചമാക്കൽ പാലം പുതുക്കിപ്പണിതേ പറ്റൂ.

കൊല്ലപ്പിള്ളി മങ്കര പ്രവിത്താനം റോഡിലെ അപകടനിലയിലായ പുളിച്ചമാക്കൽ പാലം പുതുക്കി പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കാലപ്പഴക്കവും മണ്ണൊലിപ്പും കാരണം അടിത്തട്ടും സംരക്ഷണഭിത്തിയും അപ്രോച്ച് റോഡും തകർന്ന പാലം എപ്പോൾ വേണമെങ്കിലും നിലംപതിക്കാമെന്ന് നാട്ടുകാരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.

അപ്രോച്ച് റോഡ് താഴ്ന്നുപോയതിനാൽ ഗതാഗതം നിലയ്ക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ജനം പറയുന്നു. അധികൃതരുടെ ശ്രദ്ധയിൽ നിരവധി തവണ കൊണ്ടുവന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഇതിനിടെ അപകടാവസ്ഥയിലുള്ള പാലം ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് നേതാക്കളും കടനാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. പാലം ബലപ്പെടത്തേണ്ടതിന്റെ ആവശ്യകത പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ നാട്ടുകാർ ജോസ്.കെ.മാണിയോട് അഭ്യർത്ഥിച്ചു.
കടനാട്പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു, വൈസ് പ്രസിഡണ്ട് സെൻ. സി. പുതുപ്പറമ്പിൽ, ജയ്‌സൺ പുത്തൻകണ്ടം, വി.കെ.സോമൻ, ജിജി തമ്പി , ബേബി ഉറുമ്പുകാട്ട്, ജോയി വടശ്ശേരി, ബെന്നി ഈരൂരിക്കൽ, അപ്പച്ചൻ താഴപ്പള്ളി, സജി നെല്ലൻകുഴി എന്നിവരും പാലം സന്ദർശിച്ചു.