അടിമാലി: ലോക്ക്ഡൗൺ കാലത്ത് നിലച്ച സ്വകാര്യ ബസ് സർവ്വീസുകൾ പലതും ഇനിയും പുനരാരംഭിക്കാത്തത് വിദ്യാർത്ഥികളുടെ യാത്രാക്ലേശം വർദ്ധിപ്പിക്കുമെന്ന് ആശങ്ക.കൊവിഡ് മഹാമാരിയിൽ ഏറ്റവും അധികം വരുമാന നഷ്ടം സംഭവിച്ച മേഖലകളിൽ ഒന്നാണ് സ്വകാര്യ ബസ് മേഖല.കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിരവധി സ്വകാര്യ ബസുകൾ സർവ്വീസ് അവസാനിപ്പിച്ചിരുന്നു.നീണ്ടനാളത്തെ ഇടവേളക്കു ശേഷം വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങുമ്പോൾ ചില പ്രദേശങ്ങളിലേക്കുള്ള ബസ് സർവ്വീസുകൾ നിലച്ചത് വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം രൂക്ഷമാക്കുമെന്നാണ് ആശങ്ക.മാങ്കുളം, പണിക്കൻകുടി, മുനിയറ തുടങ്ങി വിവിധ ഇടങ്ങളിൽ അടിമാലി മേഖലയിലെ സ്‌കൂളുകളിലേക്ക് പോകാനുള്ള ഏതാനും ബസുകളും സർവ്വീസ് അവസാനിപ്പിച്ചവയിൽ ഉൾപ്പെടുന്നു. നിലച്ച സർവ്വീസുകൾ പുനരാരംഭിക്കുകയോ ബദൽ സംവിധാനമൊരുങ്ങുകയോ ഇതുവരെ ആയിട്ടില്ല..ബസ് സർവ്വീസുകളുടെ എണ്ണം ചുരുങ്ങിയതോടെ സ്‌കൂൾ സമയങ്ങളിൽ സർവ്വീസ് നടത്തുന്ന മറ്റ് ബസുകളിൽ വിദ്യാർത്ഥികളുടെ വലിയ തിരക്കനുഭവപ്പെടാനുള്ള സാദ്ധ്യതയുണ്ട്.കൊവിഡ് കാലത്തെ ഈ തിരക്ക് ആശങ്കക്ക് വഴിയൊരുക്കാം.ഹൈറേഞ്ച് മേഖലയിലെ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ എത്താൻ കൂടുതലായും സ്വകാര്യ ബസുകളെയാണ് ആശ്രയിച്ച് പോരുന്നത്.ബസ് സർവ്വീസുകൾ ചുരുങ്ങിയ ഇടങ്ങളിലെ വിദ്യാർത്ഥികൾക്ക് യാത്രക്ക് മറ്റ് വാഹന മാർഗ്ഗങ്ങൾ തേടേണ്ടി വന്നാൽ രക്ഷിതാക്കൾക്കത് അധിക സാമ്പത്തിക ബാദ്ധ്യതയ്ക്ക് ഇടവരുത്തും.