നെടുംകുന്നം: നെടുംകുന്നം പഞ്ചായത്ത് പരിസരം വൃത്തിയാക്കി ആർ ശങ്കർ സ്മാരക ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ മാതൃകയായി. ശുചിത്വഭാരതം ക്യാമ്പയിന്റെ ഭാഗമായി കോട്ടയം നെഹ്രു യുവ കേന്ദ്രയുടെയും നെടുംകുന്നം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നെടുംകുന്നം പഞ്ചായത്ത് പരിസരം, നെടുകുന്നം ജംഗ്ഷൻ, മാർക്കറ്റ്, ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പരിസരം, റോഡുകൾ എന്നിവയാണ് വൃത്തിയാക്കിയത്. ഇവിടെ സമാഹരിച്ച പ്ലാസ്റ്റിക്ക് നെടുംകുന്നം പഞ്ചായത്ത് ശുചീകരണ വിഭാഗത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.എസ്.ഇ ട്രസ്റ്റ് സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ജ്യോതിമോൾ.പി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം നെഹ്രു യുവ കേന്ദ്ര എം.ജിത്തു, അസി. പ്രൊഫ. അന്നു പി ജോർജ്, എൻ.എസ്.എസ് യൂണിറ്റ് ലീഡർ ദിയ ബിജു എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് കോർഡിനേറ്റർ റ്റി.എം നിധിൻ കുമാർ സ്വാഗതവും സ്റ്റുഡന്റ്‌സ് ലീഡർ മുഹമ്മദ് അനീഫ് നന്ദിയും പറഞ്ഞു.