പാലാ: സാധാരണക്കാരായ വിനോദയാത്രക്കാരെ ലക്ഷ്യംവച്ച് കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോ ആരംഭിച്ച മലക്കപ്പാറ ജംഗിൾ സഫാരി ടൂർ സർവീസിന് ആവേശകരമായ തുടക്കം. ചുരുങ്ങിയ ചിലവിൽ ഏകദിന യാത്രയായതിനാൽ മലക്കപ്പാറ വിനോദയാത്ര സാധാരണക്കാർക്ക് ആവേശമായി. പാലാ ഡിപ്പോയിൽ നിന്നും ആരംഭിച്ച മലക്കപ്പാറ സർവീസിനായി രണ്ട് ഡീലക്‌സ് ബസുകളാണ് ഇന്നലെ ക്രമീകരിച്ചത്. ഒരു ബസിനുള്ള യാത്രക്കാരെ പ്രതീക്ഷിച്ച പാലാ ഡിപ്പോ അധികൃതർ മുമ്പാകെ നിരവധി പേർ എത്തിതോടെയാണ് രണ്ട് ഡീലക്‌സ് ബസുകൾ ക്രമീകരിച്ചത്. ഇന്നലെ മുൻകൂർ റിസർവ് ചെയ്യാതെ എത്തിയ ചിലർക്ക് നിരാശരായി മടങ്ങേണ്ടിയും വന്നു. വിനോദയാത്രാ പ്രേമികളുടെ ആവേശം കണ്ടറിഞ്ഞ ഡിപ്പോ അധികൃതർ അവധി ദിവസങ്ങളിൽ ടൂർ സർവീസ് തുടരാൻ തീരുമാനിക്കുകയായിരുന്നു. ദീപാവലിക്കും തുടർ ഞായറാഴ്ച്ചകളിലും സർവീസ് ക്രമീകരിച്ചു കഴിഞ്ഞു.
പാലായ്ക്ക് പുറമേ സംസ്ഥാനത്തെ ആറ് ഡിപ്പോകളിൽ നിന്നാണ് അതിർത്തി ഗ്രാമവും കാനനഭംഗിയും വന്യമൃഗങ്ങളും നിറഞ്ഞ മലക്കപ്പാറയിലേക്കുള്ള സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. മലപ്പുറം, ആലപ്പുഴ, ഹരിപ്പാട്, കുളത്തൂപ്പുഴ, ചാലക്കുടി എന്നീ ഡിപ്പോയിൽ നിന്നും മലക്കപ്പാറ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.കൂടുതൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ടൂർ സർവീസുകൾക്കായി അധികൃതരെ സമീപിച്ചതായി പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജയ്‌സൺ മാന്തോട്ടം പറഞ്ഞു.
ഇന്നലെ രാവിലെ 6.30ന് പാലാ ഡിപ്പോയിൽ നിന്നുള്ള സർവീസുകൾക്ക് എ.ടി.ഒ. പി.എ.അഭിലാഷ് പച്ചക്കൊടി വീശി. ജോജോ സഖറിയാസ്, ജയ്‌സൺ മാന്തോട്ടം, ആർ.രാജേഷ്, എബിൻ ജോസ്, ജോയൽ പാലാ എന്നിവരും പങ്കെടുത്തു.
പാലാ മലക്കപ്പാറ വിനോദ സഞ്ചാരത്തിനായി ഇന്നലെ ആരംഭിച്ച കെ.എസ്. ആർ. ടി. സി. സർവ്വീസിൽ യാത്ര പുറപ്പെടാനെത്തിയവർ