കോട്ടയം: എം.സി റോഡിൽ മണിപ്പുഴ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. സ്കൂട്ടർ യാത്രികനായ കൊല്ലാട് കുറുപ്പൻപറമ്പിൽ സതീഷ് (48), ബൈക്ക് യാത്രികനായ വേളൂർ ഓണാട്ട് വീട്ടിൽ രാജേഷ് (53) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർ തൃക്കൊടിത്താനം സ്വദേശി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.