kardinal-pinarayi

കണ്ണൂർ: വിശ്വാസി ആയിരുന്നെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറഞ്ഞപക്ഷം ഒരു മെത്രാൻ എങ്കിലും ആകുമായിരുന്നെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. തലശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷത്തിൽ സംസാരിക്കുമ്പോഴായിരുന്നു കർദിനാളിന്റെ പ്രസ്താവന. നേരത്തെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിൽ മുഖ്യമന്ത്രി ബൈബിളിൽ നിന്നുള്ള വചനങ്ങൾ നിരവധി തവണ ഉപയോഗിച്ചിരുന്നു. ഇതിനാലാണ് കർദിനാൾ തമാശരൂപേണ ഇങ്ങനെ പറഞ്ഞത്.

മാർപാപ്പയുടെ ചാക്രിക ലേഖനത്തിലെ പല ഭാഗങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിനിടെ ഉദ്ധരിച്ചിരുന്നു. കാർഷിക മേഖലയുടെ ഉന്നമനത്തിനായി നിരന്തരം പ്രവർത്തിച്ചിരുന്ന മാർ ജോർജ് ഞറളക്കാട് കർഷകരുടെ അഭിവൃദ്ധിക്കായി നടത്തിയിരുന്ന ഇടപെടലുകളെ മുഖ്യമന്ത്രി പ്രശംസിച്ചു. ഈ പ്രസംഗത്തിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയെ കുറിച്ചുള്ള കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന.

ചടങ്ങിൽ പങ്കെടുത്ത കെ മുരളീധരൻ എം പി മാർ ജോ‌ർജ് ഞറളക്കാട് മെത്രാൻ സ്ഥാനം ഏറ്റെടുത്തിരുന്നില്ലെങ്കിൽ ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന കർഷക സമരങ്ങളുടെ മുൻപന്തിയിൽ ഉണ്ടാകുമായിരുന്നെന്ന് പറഞ്ഞു.