പുതപ്പിനുള്ളിൽ ചുരുണ്ട് കിടന്ന് മാർത്ത കാതോർത്തു. തനിക്ക് വെറുതെ തോന്നിയതാവും എന്ന് കരുതി അവൾ കണ്ണുകൾ ഇറുക്കിയടച്ചു. പാറുവേടത്തി പറഞ്ഞത് ഒരു പക്ഷേ സത്യമായിരിക്കുമോ? തറവാടിന്റെ പറമ്പിൽ കൂടി ഏതോ ഭഗോതിയുടെ പോക്കുവരവ് ഉണ്ടെന്നും.... കൂട്ട് പോകുന്ന ഭൂതഗണങ്ങളുടെ കയ്യിലെ ചങ്ങല കിലുങ്ങുന്ന ശബ്ദം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാൽ കേൾക്കാമെന്നും... വായുവിലൂടെ നീങ്ങി പോകുന്ന വിളക്ക് കാണാമെന്നും ഒക്കെ...
''ഏനെന്റെ കണ്ണാലെ
കണ്ടതാണേ...
ഏനെന്റെ നാവോണ്ട്
ചൊന്നതെല്ലാം....""
എന്ന പതിവ് പാട്ടും പാടി നടക്കുന്ന ഭാസ്കരേട്ടനെ ഇന്നലെ കൂടി കണ്ടത് അവളോർത്തു.
''കുട്ട്യേ.... കണ്ടത് പറഞ്ഞാ കഞ്ഞീല്ല്യാത്ത കാലാ..... അതോണ്ട് കാണാൻ പാടില്ല്യാത്തത് കാണരത്.... ട്ടോ""
എല്ലാരോടും പറയണ പോലെ ഭാസ്കരേട്ടൻ തന്നോടും അങ്ങനെത്തന്നെ പറഞ്ഞു. ആളെന്താ... അങ്ങനെ പറയണാവോ? വിശ്വാസം ഇല്ലാതെ കേക്കണതൊക്കെ സത്യമാണോന്നറിയാൻ വേണ്ടി ഉറക്കൊഴിച്ച് പുറത്ത് കാത്തിരുന്നിട്ട് അരുതാത്തതെന്തോ കണ്ടതോണ്ടാണ് ഭാസ്കരന് ഭ്രാന്ത് പിടിച്ചതെന്ന് അശോകേട്ടൻ അപ്പോ പറയേം ചെയ്തു.
പാറുവേടത്തിയോട് ചോദിച്ചപ്പോ...
''അങ്ങേർക്ക് പ്രാന്താ മോളേ.... നട്ട പ്രാന്ത്...""
എന്ന് പറഞ്ഞ് പാറുവേടത്തി കണ്ണും മൂക്കും തുടച്ച് പുറം തിരിഞ്ഞ് നിന്നു.
പുറത്ത് ചങ്ങല കിലുങ്ങും പോലൊരു ശബ്ദം കേട്ട പോലെ തോന്നിയപ്പോൾ ശ്വാസം അടക്കി കഴുത്തിൽ കിടന്ന കുരിശുമാല മുറുകെ പിടിച്ച് മാർത്ത ഉള്ളിൽ പറഞ്ഞു. പക്ഷേ ആ ഗന്ധർവൻ.... പുലർച്ച സമയത്ത് ബാല്യക്കാരത്തി പെൺകിടാങ്ങളെ സ്നേഹിച്ചു മയക്കി കൂടെ കിടത്തുന്ന ഗന്ധർവ്വനെ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു എന്ന് മാർത്തയ്ക്ക് തോന്നി. ലക്ഷ്മികുട്ടിയോട് ഇടക്കിടെ അമ്മൂമ്മ പറയാറുള്ളത് മാർത്ത പണികൾക്കിടയിലും കേൾക്കാറുണ്ട്.
''കുട്ട്യേ മുടിയും അഴിച്ചിട്ട് മാറ് കാണിച്ച് ഉമ്മറ വാതിൽക്കലിങ്ങനെ നിൽക്കല്ലേ. ഗന്ധർവൻ പോണ സമയാ. ബാല്യക്കാരത്തി പെങ്കുട്ട്യോളെ കണ്ട് മോഹിച്ചാ പിന്നേ അവരേം കൊണ്ടേ പോവുള്ളൂ.""
അമ്മൂമ്മ ഇന്നത് പറയുമ്പോൾ മാർത്ത ഉമ്മറപടി തുടച്ച് മിനുക്കി കൊണ്ടിരിക്കുകയായിരുന്നു.
''അപ്പോ താനാരാ?""
എന്നവൾ മനസിൽ കരുതുകയും ചെയ്തു.
അമ്മൂമ്മേടെ ഒരേയൊരു മകന്റെ ഒരേയൊരു മകളാണ് ലക്ഷ്മിക്കുട്ടി . അതോണ്ട് വാത്സല്യം എന്തായാലും ഇത്തിരി കൂടും. നിറമിത്തിരി കുറഞ്ഞാലും ലക്ഷ്മിക്കുട്ടിയെ കാണാൻ നല്ല ചന്തമാണല്ലോ. മുട്ടറ്റം മുടിയും അഴകൊത്ത ദേഹവും. ആരും മോഹിക്കും.
ആ മുടി നീണ്ടു ചുരുണ്ടിങ്ങനെ വളരണത് എങ്ങനെയാണാവോ? കാച്ചെണ്ണയും കുന്തിരക്കപൊകയും കാരണാവും.
ചിലപ്പോഴൊക്കെ ലക്ഷ്മിക്കുട്ടി മാർത്തയോട് പറയും...
''അശോകേട്ടന് നീളം കുറഞ്ഞ മുടിയല്ലേ ഇഷ്ടം. നിന്റെ പോലത്തല്ലാട്ടോ.... നീളം കൊറച്ച് സ്റ്റെപ്പ് സ്റ്റെപ്പായി മുറിച്ചിട്ട മുടി അതല്ലേ ഇപ്പോഴത്തെ ഫാഷൻ. ഈ അമ്മൂമ്മ സമ്മതിക്കാഞ്ഞിട്ടാ.... ഒരോ പിടിവാശികള്...""
''എനിക്കമ്മേടെ മുടിയാ കിട്ടിയേക്കണെ. കൊള്ളില്ലാത്ത ഒരു മുടി. ഇത് വെട്ടിയിട്ടാലും ഒരു ഭംഗീംണ്ടാവില്ല.""
ലക്ഷ്മിക്കുട്ടിയുടെ അച്ഛൻ മരിച്ചേ പിന്നെ അവളുടെ അമ്മ മുറിക്ക് പുറത്ത് ഇറങ്ങാറേയില്ല. മുമ്പും അവർക്ക് മാർത്തയെ ഒട്ടും ഇഷ്ടമായിരുന്നില്ല. അവരുടെ കൺമുൻപിൽ പോയി നിന്നേക്കരുത് എന്ന് പാറുവേടത്തി ഇടയ്ക്കിടെ ഓർമ്മപ്പെടുത്തും. അതു കൊണ്ട് എപ്പോഴും അവരുടെ ഏഴയലത്ത് പോലും ചെല്ലാതെ ഒഴിഞ്ഞ് മാറി നടക്കുന്നത് മാർത്തയ്ക്ക് ശീലമായി പോയിരുന്നു. അഥവാ അബദ്ധത്തിലെങ്ങാനും മുന്നിൽ ചെന്ന് പെട്ടാൽ മുഖത്തേക്ക് പോലും നോക്കാതെ ഓടിക്കളയാറാണ് പതിവ്. അവരുടേത് ലക്ഷ്മിക്കുട്ടിയേക്കാൾ വലിയ നീണ്ടു ചുരുണ്ട മുടിയാണെന്ന് പാറുവേടത്തി പറഞ്ഞ് കേട്ടിട്ടുള്ളതല്ലാതെ മാർത്തയ്ക്ക് നേരിട്ടറിവില്ലായിരുന്നു. വല്ലപ്പോഴും തറവാട് ഉച്ചമയക്കത്തിലാകുന്ന ചില ഒഴിവു നേരങ്ങളിൽ, പിടിച്ചാ പിടിയെത്താത്ത അവളുടെ മുടി എണ്ണ പുരട്ടി ഒതുക്കി കെട്ടുന്നതിനിടക്ക്....
''ഈ മുടിയൊക്കെ കോതിയൊതുക്കി നോക്കെണ്ടെന്റെ കുട്ട്യേ...""എന്നോ
''എന്റെ കുട്ടീടൊരു യോഗം. എങ്ങനെ കഴിയേണ്ട കുട്ട്യാ...""
എന്നോ ഒക്കെയാണ്പാറുവേടത്തി അവളോടുള്ള മുഴുവൻ വാത്സല്യവും വാക്കുകളിലൊതുക്കിയൊഴുക്കുന്നത്.
നീട്ടം കുറഞ്ഞ് കൊലുന്നനെയുള്ള തന്റെ മുടിയെ കുറിച്ച് മാർത്തയ്ക്ക് വലിയ ആകുലതയൊന്നും ഇല്ല. മാർത്തയുടെ നിറം വെള്ളാമ്പിച്ച വൃത്തിയില്ലാത്ത നിറമാണെന്ന അമ്മൂമ്മയുടെ വിലയിരുത്തലും മാർത്തയെ ബാധിക്കാറേയില്ല.
മാർത്തയ്ക്കും ലക്ഷ്മിക്കുട്ടിയ്ക്കും ഏകദേശം ഒരേ പ്രായമാണ്. നന്നേ ചെറുപ്പത്തിലേ ലക്ഷ്മിക്കുട്ടിയുടെ അച്ഛനൊപ്പം ഈ തറവാട്ടിൽ എത്തിയതാണ് മാർത്ത.
വേറെങ്ങോ ആണ് താൻ ജനിച്ചതെന്നും, അവിടെ അമ്മയും ബന്ധുക്കളും ഒക്കെയുണ്ടെന്നും പാറുവേടത്തി പറഞ്ഞുള്ള അറിവല്ലാതെ അവൾക്കൊന്നും ഓർമ്മയില്ല.
പക്ഷേ പല നിറത്തിലുള്ള നൂല് കൊണ്ട് നെയ്തെടുത്ത ഒരു ഷാളവൾ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്. അതിൽ തന്റെ അമ്മയുടെ മണമുണ്ടെന്നാണ് അവളുടെ തോന്നൽ. ഒപ്പം കഴുത്തിലെ സ്റ്റീൽ മാലയിൽ കൊളുത്തിയിട്ട ഒരു കുരിശും.
ഓർമ്മയുള്ളപ്പോൾ മുതൽ തറവാട്ടിലെ അടുക്കളയിൽ പാറുവമ്മയുടെ നിഴലിലാണ് മാർത്തയുടെ ജീവിതം. തന്നെ കുറിച്ച് എന്തൊക്കെ മറന്നാലും എന്നോ ആരോ വിളിച്ച് ഹൃദയത്തിലോ ആത്മാവിലോ കോറിയിടപ്പെട്ട മാർത്തയെന്ന പേര് മാത്രം അവൾ മറന്നില്ല. ഇവിടെയുള്ളവർ 'പെണ്ണേ..."" എന്ന് വിളിക്കുമ്പോൾ മറ്റാരെയോ വിളിക്കുന്ന പോലെയാണ് അവൾക്കിപ്പോഴും തോന്നാറ്.
മാർത്ത മലർന്നു കിടന്ന് ഇരുട്ടിലേക്ക് കണ്ണുകൾ തുറന്ന് പിടിച്ചു. മലർന്ന് കിടന്ന് ഉറങ്ങരുത് എന്നും അമ്മൂമ്മ ലക്ഷ്മിക്കുട്ടിയോട് പറയാറുണ്ട്. ഗന്ധർവൻ വരുമത്രേ!
''ചേലുള്ള പെങ്കുട്ട്യോളെ വശീകരിക്കാൻ ഇഷ്ടമുള്ള ആളുകടെ രൂപത്തിലാ ഗന്ധർവ്വൻമാര് വര്വാ... ആരോഗ്യോള്ള ആണുങ്ങളെ വശീകരിക്കാൻ ചില തിലോത്തമകളും.""
ഒരിക്കൽ ഇത് പറഞ്ഞ് അമ്മൂമ്മ ചുമരിലെ ഫോട്ടോയിലേക്ക് നോക്കിയൊന്ന് മൂളിയത് മാർത്തക്ക് ഇന്നലെയെന്നോണം ഓർമ്മയുണ്ട്.
കഴുത്തിലൂടെ തന്റെ കയ്യിലുള്ളത് പോലൊരു ഷാളും ചുറ്റിയിട്ട് കണ്ണടയും വച്ച് ഫോട്ടോയിലിരിക്കുന്നത് ലക്ഷ്മിക്കുട്ടിയുടെ അച്ഛനാണ്. തന്നോട് അദ്ദേഹത്തിന് വലിയ വാത്സല്യമായിരുന്നു. അതോർത്തപ്പോൾ മാർത്തക്ക് സങ്കടം വന്ന് തൊണ്ട കനത്തു. മാർത്ത എന്ന പേര് അവൾ മറന്ന് പോകാതിരിക്കാൻ കാരണം അയാൾ ആരും കേൾക്കാതെ വല്ലപ്പോഴും അങ്ങനെ വിളിക്കാറുള്ളതുകൊണ്ട് ആയിരുന്നിരിക്കണം.
''നിനക്കവിടെ അടുക്കളേല് പണിയൊന്നും ഇല്ലേ പെണ്ണേ ? ഇവടെന്ത് പൂരം കാണാൻ നിക്കാ.""
അമ്മൂമ്മ ചോദിച്ചതും അന്ന് മിണ്ടാതെ വേഗം അടുക്കളയിലേക്ക് നടന്നു. അമ്മൂമ്മയെ കുറിച്ചോർത്താലും മാർത്തക്ക് സങ്കടം വരും. ആരെന്ത് വേണേലും പറഞ്ഞോട്ടെ.... അമ്മൂമ്മ ദേഷ്യപ്പെടണതാണ് മാർത്തക്ക് സഹിക്കാത്തത്. ലക്ഷ്മി കുട്ടിയോട് എന്ത് സ്നേഹാ അമ്മൂമ്മക്ക്.... തന്നോട് ഭയങ്കര ദേഷ്യോം...""
''പെണ്ണേ നിന്റെ താടിയിലെ ഈ മറുക് കാരണാ അമ്മൂമക്ക് നിന്നോടിത്ര ദേഷ്യം.""
ലക്ഷ്മിക്കുട്ടി പറയും.
മറുക് കത്തി വച്ച് ചൊരണ്ടി കളയാന്ന് വച്ചാലോ.....
''അങ്ങനൊന്നും അത് പോവില്ലെന്റെ കുട്ട്യേ.... അസൂയക്കാര് പലതും പറയും. വെളുത്ത് തുടുത്ത ഈ മുഖത്ത് അതൊരു ഭംഗ്യല്ലേ. എന്തിനാപ്പോ ചൊരണ്ടി കളയണെ. ഇവിടത്തെ തമ്പ്രാട്ടീടെ താടീലും കണ്ടിട്ടില്ലേ അങ്ങനൊന്ന്.""
''ശരിയാ.... അമ്മൂമ്മേടെ താടീലും അങ്ങനൊരു മറുകുണ്ട്.""
പാറുവേടത്തിയെപോലെ പിന്നൊരിക്കൽ അശോകേട്ടനും പറഞ്ഞു. അതൊരഴകാന്ന്.
അശോകേട്ടൻ ഇപ്പോ വന്നിട്ട് കുറേയായി. ലക്ഷ്മിക്കുട്ടിയുടെ മുറച്ചെറുക്കനാണ്. തന്നോട് മടിയില്ലാതെ സംസാരിക്കാറുണ്ട്. പക്ഷേ അത് കണ്ടാ മതി. ലക്ഷ്മിക്കുട്ടി മുഖം വീർപ്പിക്കും.
മലർന്ന് കിടന്ന് ചിന്തിച്ച് ചിന്തിച്ചൊടുവിൽ മാർത്ത ഉറങ്ങിപ്പോയി.
ഉറക്കത്തിലെപ്പോഴോ ആകാശം മുട്ടെ ഉയരമുള്ളൊരു ഗന്ധർവൻ മാർത്തയെ കാണാനെത്തി.
ഗന്ധർവന്റെ സംഗീതം കേട്ടാണ് മാർത്ത ഉണർന്നത്. അവൾക്ക് തീരെ പേടി തോന്നിയില്ല. കാണെക്കാണെ ഗന്ധർവൻ മാർത്തയോളം ചെറുതായി. തഴപ്പായിൽ നിന്നെഴുന്നേറ്റ് അവൾ ഗന്ധർവസംഗീതത്തോടൊപ്പം നിലാവത്തേക്കിറങ്ങി.
ഒരു നിമിഷത്തേക്ക് അദൃശ്യനായി എങ്കിലും അടുത്ത നിമിഷം തന്നെമുറ്റത്ത് പൂത്തു നിന്ന മുല്ലക്കാടിനപ്പുറം നിന്ന് ഗന്ധർവനവളെ മാടിമാടി വിളിച്ചു. ഇപ്പോഴാണ് അവൾക്ക് ആ മുഖം വ്യക്തമായത്. കാണാനാശിച്ച് കാത്തിരുന്ന ഗന്ധർവന് അശോകേട്ടന്റെ മുഖച്ഛായ കണ്ട് അവൾ അമ്പരന്നു. പെട്ടെന്ന് അപ്പുറത്ത് പാറുവേടത്തീടെ വീട്ടിൽ നിന്ന് ഭാസ്ക്കരേട്ടന്റെ ഉച്ചത്തിലുള്ള പാട്ടുകേട്ട് ഞെട്ടിയ മാർത്ത തിരിഞ്ഞോടി. തഴപ്പായിൽ കമിഴ്ന്നു കിടന്ന് ഒരിക്കൽ അമ്മൂമ്മ ലക്ഷ്മി കുട്ടിയോട് പറത്തതോർത്തു. അശോകേട്ടനേയും ഗന്ധർവനേയും തനിക്ക് പരസ്പരം റി പോയതിനെ കുറിച്ചാലോചിച്ച് അവൾ തന്നോട് തന്നെ ചോദിച്ചു.
''അത് സത്യമായിരിക്കുമോ? അമ്മൂമ്മ പറഞ്ഞത്.""
അപ്പുറത്ത് നിന്ന് അപ്പോഴും ഭാസ്ക്കരന്റെ പാട്ട് കേൾക്കുന്നുണ്ടായിരുന്നു.