നിരാശ്രയരും ദുർബലരുമായ അനേകംപേർ നമുക്ക് ചുറ്റിലുമുണ്ട്. ഇത്തരം ആളുകളെ കൂടുതലായി കാണുന്ന ഇടമാണ് ആശുപത്രികൾ. പ്രത്യേകിച്ച് സർക്കാർ ആശുപത്രികൾ. മരുന്നിനും ഭക്ഷണത്തിനുമൊന്നും പണമില്ലാതെ വലയുന്ന രോഗികളെ മിക്കപ്പോഴും ജീവനക്കാർ സഹായിക്കാറുമുണ്ട്. രോഗം മാറിയശേഷവും രോഗിയായി അഭിനയിച്ച് പണപ്പിരിവ് നടത്തുന്ന ചുരുക്കം ചിലരും ഇക്കൂട്ടത്തിൽ കാണാറുണ്ട്.കുറേ വർഷം മുമ്പ് കാൻസർ രോഗിയായ ഭാര്യയേയും കൊണ്ട് ഒരു മദ്ധ്യവയസ്കൻ ആർ.സി.സിയിൽ വരാറുണ്ടായിരുന്നു. പുറത്തുനിന്നു മരുന്ന വാങ്ങാനും മറ്റും ആ സ്ത്രീയ്ക്ക് ഞങ്ങൾ ജീവനക്കാർ ഇടയ്ക്കിടെ ചില സഹായങ്ങൾ നൽകിയിരുന്നുതാനും. ഇടയ്ക്കിടെ രോഗിയുമായി വരുമ്പോഴെല്ലാം അയാൾ എന്റെ മുറിയിൽ വരും. മരുന്നിനും ഭക്ഷണത്തിനുമുള്ള സഹായം പ്രതീക്ഷിച്ചാണ് വരുന്നതെന്ന് എനിക്കറിയാവുന്നതുകൊണ്ട് വരുമ്പോഴെല്ലാം എന്നെക്കൊണ്ട് കഴിയാവുന്നവിധത്തിൽ ചെറിയ തുകകൾ കൊടുത്ത് സഹായിച്ചിരുന്നു.
ഒരുദിവസം സെക്യൂരിറ്റി ഉദ്യോഗസ്ഥൻ എന്റെ അടുത്തുവന്നു.
''സാറിന്റെ മുറിയിൽ നിന്ന് ഇപ്പോൾ ഇറങ്ങിപ്പോയ ആൾ ഒരു തട്ടിപ്പുകാരനാണ്.""
''ഹേയ്! അല്ല. അയാൾ ഒരു പാവമാണ്. ഭാര്യ ഇവിടുത്തെ രോഗിയുമാണ്. മരുന്നുവാങ്ങിക്കാൻ പണമില്ലാതെ അലയുകയാണ് ആ പാവം.""
''സാറിനെ അയാൾ പറ്റിക്കുകയായിരുന്നു. അയാളുടെ ഭാര്യ മരിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു. ഇപ്പോഴും ഭാര്യയുടെ ചികിത്സയ്ക്കെന്നു പറഞ്ഞ് പലരോടും ഇങ്ങനെ പിരിക്കുന്നുണ്ട്. ഇതെല്ലാം അയാൾക്ക് മദ്യപിക്കാൻ വേണ്ടിയാണ്.""
സത്യത്തിൽ കബളിപ്പിക്കപ്പെട്ടു എന്ന തോന്നലിനേക്കാൾ വേദനയാണ് ഉണ്ടായത്. മരിച്ചുപോയ ഭാര്യയുടെ പേരിൽ മദ്യപിക്കാൻ വേണ്ടി പണം പിരിക്കുന്ന ആ മനുഷ്യന്റെ മനസ് അവർ ജീവിച്ചിരുന്നപ്പോഴും ഒരുപക്ഷേ മരുന്നിനുള്ള പണമെടുത്ത് ഇയാൾ ലഹരി മോന്തിക്കാണണം. മുല്ലാനസറുദ്ദീൻ ഇത്തരമൊരു കഥ പറയുന്നതുണ്ട്. മുല്ലയുടെ അടുത്ത സുഹൃത്ത് ഒരുദിവസം അദ്ദേഹത്തിന് ഒരു കോഴിയെ സമ്മാനമായി കൊണ്ടുവന്നു. മുല്ലയുടെ പാചകവിദഗ്ദ്ധയായ ഭാര്യ ആ കോഴി ഉപയോഗിച്ച് അതീവരുചികരമായ ഒരു സൂപ്പുണ്ടാക്കി അത്താഴത്തിന് വിളമ്പി.
പിറ്റേ ദിവസം കാലത്ത് യാത്രപറഞ്ഞുപോകാൻ നേരം ഈ വിശിഷ്ടമായ സൂപ്പിനെക്കുറിച്ച് അതിഥി ആതിഥേയരെ മുക്തകണ്ഠം പ്രശംസിച്ചു. പിറ്റേദിവസം കാലത്ത് വാതിൽക്കൽ മുട്ടുകേട്ട് മുല്ല നോക്കിയപ്പോൾ ഒരപരിചിതൻ നിൽക്കുന്നു.
''ഞാൻ താങ്കളുടെ ഇന്നലത്തെ അതിഥിയുടെ സ്നേഹിതൻ ആണ്. ഇന്നലെ കോഴിയുമായി വന്ന് സുഹൃത്ത്.""
ആതിഥ്യമര്യാദ പാലിച്ചുകൊണ്ടു മുല്ല അയാൾക്ക് ചിക്കൻസൂപ്പ് സഹിതമുള്ള ഉച്ചഭക്ഷണം നൽകുകയും ചെയ്തു. മുല്ലയെയും ഭാര്യയെയും പ്രശംസാവചനങ്ങൾ കൊണ്ട് പൊതിഞ്ഞു അയാളും യാത്രയായി. പിറ്റേ ദിവസവും വാതിലിൽ മുട്ടുകേട്ട് വാതിൽ തുറന്ന മുല്ല കണ്ടത് അപരിചിതനെയാണ്. ആരാണെന്ന ചോദ്യത്തിന്
''ഞാൻ നിങ്ങളുടെ സുഹൃത്തിന്റെ സുഹൃത്തിന്റെ സുഹൃത്താണ്. ഇന്നലെ വന്നിരുന്ന സ്നേഹിതന്റെ ഉറ്ര ചങ്ങാതി.""
അയാൾക്കും വിഭവസമൃദ്ധവും ചിക്കൻസൂപ്പുള്ളതുമായ ഭക്ഷണം വിളമ്പി. പതിവുപോലെ അയാളും നന്ദി പറഞ്ഞ് കൈകഴുകിപ്പോയി. മുല്ലയെ ഞെട്ടിച്ചുകൊണ്ട് അടുത്തദിവസവും ഒരപരിചിതൻ പ്രത്യക്ഷപ്പെട്ടു. സുഹൃത്തിന്റെ സുഹൃത്തിന്റെ സുഹൃത്തിന്റെ സുഹൃത്ത്. ഇപ്പോൾ കിട്ടും ഇപ്പോൾ കിട്ടും സൂപ്പെന്ന് ആർത്തിയോടെ അയാൾ കാത്തിരുന്നു. ആർത്തിയോടെ അല്പം സൂപ്പു കുടിച്ച അയാൾ പെട്ടെന്ന് അരുചിയോടെ പാത്രം താഴെവച്ചു.
''ഇതെന്താണ് മുല്ലാ! വെറും ചൂടുവെള്ളം മാത്രമാണല്ലോ? ഇതാണോ സൂപ്പ്?""
''ഹേയ് അല്ല സുഹൃത്തേ! സൂപ്പുതന്നെ! ഇത് സൂപ്പിന്റെ സൂപ്പിന്റെ സൂപ്പിന്റെ സൂപ്പിന്റെ ചിക്കൻ സൂപ്പാണ്!""
അപരിചിതനായ സുഹൃത്തിന് കാര്യം മനസിലായി. പെട്ടെന്ന് സ്ഥലം കാലിയാക്കി. പിന്നീട് ഈ സൂപ്പുകാരായ സുഹൃത്തുക്കൾ മുല്ലയെ തേടി വന്നതുമില്ല!
ഒരാളുടെ ഔദാര്യവും അനുകമ്പയും കരുതലും സ്നേഹവുമൊക്കെ ചൂഷണം ചെയ്യുന്നവരുണ്ട്. ഇത്തരം ഔചിത്യമില്ലാത്ത മനുഷ്യരാണ് ഉദാരമതികളുടെയും പരോപകാരികളുടെയും മനം മടുപ്പിക്കുന്നത്. സഹായമഭ്യർത്ഥിച്ച് എത്തുന്നവരിൽ കള്ളനാണയം ഏതെന്നു തിരിച്ചറിയാൻ കഴിയില്ല. നനഞ്ഞ ഇടം തന്നെ കുഴിച്ചുകൊണ്ടിരിക്കുന്ന വിദ്വാന്മാരെ ചിലപ്പോൾ മുല്ലാനസറുദ്ദീൻ ചെയ്തതുപോലെ അകറ്റി നിറുത്തേണ്ടിവരും.ഇതൊക്കെ മനുഷ്യബന്ധങ്ങൾക്കിടയിലെ അപസ്വരങ്ങൾ ആണെന്ന് അറിഞ്ഞുപെരുമാറുന്നവരാണ് യഥാർത്ഥ വിജയികൾ.