തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ നവംബർ 2ന് കോടതി വിധി പറയും. അനുപമയുടെ പിതാവ് ജയചന്ദ്രൻ, അമ്മ സ്മിത, കുടുംബസുഹൃത്തുക്കളായ നാലുപേർ എന്നിവരാണ് കേസിലെ പ്രതികൾ. ജാമ്യാപേക്ഷയിലെ വാദം ഇന്ന് പൂർത്തിയായി. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത് അനുപമയുടെ കൂടെ അറിവും സമ്മതത്തോടും കൂടിയാണെന്ന് പ്രതികൾ കോടതിയെ അറിയിച്ചു.
തങ്ങൾ കോളേജിൽ പഠിക്കാൻ വിട്ട മകൾ സമ്മാനമായി ലഭിച്ച ഗർഭവും കൊണ്ടാണ് മടങ്ങിയെത്തിയതെന്നും കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ അല്ല മറിച്ച് സുരക്ഷിതമായി വളർത്താനാണ് ഏൽപ്പിച്ചതെന്നും പ്രതികൾ കോടതിയിൽ പറഞ്ഞു. അനുപമ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിച്ചെന്ന് പറയുന്നില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
അതേസമയം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിർത്ത പ്രോസിക്യൂഷൻ കുട്ടിയെ ഉപേക്ഷിച്ചതിൽ വിശദമായ അന്വേഷണം വേണമെന്ന് കോടതിയെ അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും കോടതിയിൽ അറിയിച്ചു. കുഞ്ഞിനെ തട്ടികൊണ്ട് പോയതും വ്യാജരേഖയുണ്ടാക്കിയതുമടക്കമുള്ള കേസിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികൾ ഉന്നതതലത്തിൽ സ്വാധീനമുള്ളവരായതിനാൽ ഇപ്പോൾ ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു.