ഇന്ന് നമ്മുടെ സമൂഹത്തിൽ നിരവധി ആളുകൾ ആരോഗ്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലികളെക്കുറിച്ചും ബോധവാന്മാരാണ്, എങ്കിലും നന്നായി ഭക്ഷണം കഴിച്ചാൽ നല്ല ആരോഗ്യം ലഭിക്കും എന്ന തെറ്റിദ്ധാരണ ഇപ്പോഴും നിലനിൽക്കുന്നു. ഈ തെറ്റിദ്ധാരണ മാറാൻ സമീകൃതാഹാരം എന്താണെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും തീർച്ചയായും അറിഞ്ഞിരിക്കണം.
എന്താണ് സമീകൃതാഹാരം?
നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളെ പ്രധാനമായും അഞ്ചു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഈ അഞ്ചു ഗ്രൂപ്പുകളിൽ നിന്നുള്ള ഭക്ഷണങ്ങൾ കൃത്യമായി നിർദ്ദേശിത അളവിൽ കഴിക്കുമ്പോഴാണ് അതിനെ ബാലൻസ്ഡ് ഡയറ്റ് അഥവാ സമീകൃതാഹാരം എന്ന് പറയുന്നത്. ഈ അഞ്ച് ഗ്രൂപ്പുകൾ ഏതെല്ലാം ആണെന്ന് നോക്കാം.
* ആദ്യത്തെ ഗ്രൂപ്പാണ് ധാന്യങ്ങളും ചെറുധാന്യങ്ങളും. അരി, ഗോതമ്പ്, റാഗി, ചോളം, ഓട്സ് എന്നിവയെല്ലാം ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നു. അന്നജവും ഊർജ്ജവുമാണ് ഇതിൽ നിന്നും പ്രധാനമായി ലഭിക്കുന്നത്. തവിടോടുകൂടി തന്നെ ധാന്യങ്ങൾ കഴിക്കുകയാണെങ്കിൽ അതിൽ നിന്നും ഫൈബർ നാരും ലഭിക്കുന്നതാണ്. ഓരോ നേരത്തെ ആഹാരത്തിന്റെയും 30ശതമാനം ആണ് ധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടത്.
* രണ്ടാമത്തെ ഗ്രൂപ്പാണ് പയർവർഗങ്ങൾ. പയർ, പരിപ്പ്, കടല എന്നിവയെല്ലാം ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നു. പ്ലാന്റ് പ്രോട്ടീനാണ് ഇതിൽ നിന്നും പ്രധാനമായി ലഭിക്കുന്നത്. ഓരോ നേരത്തെ ആഹാരത്തിന്റെയും 20ശതമാനം ആണ് പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടത്.
* മൂന്നാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുന്നതാണ് പാൽ, പാലുല്പന്നങ്ങൾ, ഇറച്ചി, മീൻ, മുട്ട എന്നിവയെല്ലാം. ഇവയിൽ പ്രധാനമായും അനിമൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. സസ്യഭുക്കുകൾക്ക് പയർവർഗങ്ങൾ കൂടുതൽ ഉൾപ്പെടുത്താവുന്നതാണ്.
* പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണ് നാലാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുന്നത്. ശരീരത്തിന്റെ പ്രധാനമായ നിരവധി പ്രവർത്തനങ്ങൾക്കും രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്നതിനും പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള വിറ്റാമിനുകളും, മിനറലുകളും, ഫൈറ്റോകെമിക്കലുകളും സഹായിക്കുന്നു.
* നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ 10 ശതമാനം പഴങ്ങളും 40 ശതമാനം പച്ചക്കറികളും ഉൾപ്പെടുത്തേണ്ടതാണ്.
തിരക്കിട്ട ഇപ്പോഴത്തെ ജീവിതത്തിൽ സമീകൃതാഹാരത്തിന്റെ പ്രാധാന്യം അറിയുന്നവർ പോലും അത് പാലിക്കാറില്ല. പലപ്പോഴും ഭക്ഷണം പാകം ചെയ്യാനുള്ള സമയക്കുറവാണ് അതിന് കാരണമായി പറയുന്നത്.
എന്നാൽ ഇപ്പോൾ അതിനായി കുറച്ചുസമയം മാറ്റിവച്ചില്ലെങ്കിൽ പിന്നീട് ആരോഗ്യം വീണ്ടെടുക്കുന്നതിനായി ഒരുപാട് സമയവും പണവും ചിലവാക്കേണ്ടിവരും എന്ന് ഓർക്കുക.
* പോഷകസമൃദ്ധമായ ഭക്ഷണം പോലെതന്നെ നമ്മുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ് വ്യായമവും. നല്ല ആഹാരവും വ്യായാമവും ഒത്തുചേരുമ്പോഴാണ് ശാരീരിക ആരോഗ്യം പൂർണമാകുന്നത്. ഇതിനോടൊപ്പം ഒരുദിവസം അഞ്ചുഗ്ലാസ് വെള്ളംവരെ കുടിക്കുന്നതും ശീലമാക്കുക.
* അഞ്ചാമത്തെ ഗ്രൂപ്പിൽ എണ്ണ, നെയ്യ്, പഞ്ചസാര, നട്സ് എന്നിവയാണ് ഉൾപ്പെടുന്നത്. ഈ ഗ്രൂപ്പിൽ നിന്നുള്ള ഭക്ഷണങ്ങൾ ഏറ്റവും കുറച്ച് ഉപയോഗിക്കണം. കാരണം ഇതിൽ ധാരാളം കൊഴുപ്പും ഊർജ്ജവും അടങ്ങിയിരിക്കുന്നു.
ഓരോ ഗ്രൂപ്പുകളിൽ നിന്നുള്ള ഭക്ഷണം എത്ര അളവിൽ കഴിക്കണമെന്നും സമീകൃതാഹാരം എന്നാൽ എന്താണെന്നും എല്ലാവർക്കും മനസിലായി എന്ന് വിശ്വസിക്കുന്നു. സമീകൃതാഹാരം ശീലിക്കാത്ത ഒരാളിൽ പലതരത്തിലുള്ള പോഷകക്കുറവുകളും കണ്ടുവരുന്നു. ഇത് രൂക്ഷമായാൽ രോഗപ്രതിരോധശേഷി കുറയുകയും അത് പല തരത്തിലുള്ള രോഗങ്ങളിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.