''അന്തർമുഖരും ഭീരുക്കളും ആയി വളർന്നവർ ജീവിതത്തിൽ ഒരേയൊരു ദിവസം അപാരമായ ധൈര്യം കാണിച്ചെന്നു വരും.""
എന്നാണ് ആ ദിവസത്തെക്കുറിച്ച് അവൻ തലേദിവസം ഡയറിയിൽ എഴുതിയത്. ആ ദിവസം രാവിലെ പതിവുപോലെ പണിസാധനങ്ങളുമായി ബൈക്കുമെടുത്ത് പുറപ്പെടുന്നതിന് മുമ്പ് അമ്മയുടെ കൂടെയിരുന്ന് വെജിറ്റബിൾ സ്റ്റൂവും വെള്ളയപ്പവും കഴിച്ചു. അവൻ വയറിംഗിന്റെ പണി തുടങ്ങിയതിൽപ്പിന്നെയാണ് അമ്മയും ഇഷ്ടഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയത്. രാത്രി പണി കഴിഞ്ഞു വരുമ്പോൾ ഉഴുന്ന് വടയും വെള്ള ചട്നിയും കൊണ്ട് വരും. ചിലപ്പോഴൊക്കെ മസാലദോശയോ നെയ്യ് റോസ്റ്റോ കൂടി ഉണ്ടാവും.
അവളുടെ വീട്ടിൽ എത്തുന്നതിനു മുമ്പ് ഡ്രില്ലിംഗ് മെഷീനും മറ്റും അടങ്ങിയ ബാഗ് എവിടെയങ്കിലും ഏൽപ്പിച്ചിട്ടു പോയാലോ എന്ന് ഒരു നിമിഷം ആലോചിച്ചു. വേണ്ട. അന്നം തരുന്ന പണി സാധനങ്ങളോട് അവമതിപ്പു പാടില്ല. മാത്രവുമല്ല ആ തടിച്ച ബാഗ് കൂടെയുള്ളപ്പോൾ കാരണവരുടെയോ കൂട്ടുകാരന്റെയോ സ്ഥാനത്ത് ഒരാൾ കൂടി വന്ന ധൈര്യവും ഉണ്ടാവും. മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാർ റോഡു മുറിച്ചു കടന്ന് കോഫീഹൗസിൽ പോകുമ്പോൾ സ്റ്റെതസ്കോപ്പ് കഴുത്തിൽ അണിയാറുള്ളത് അവൻ ഓർത്തു.
ഗ്രാമപ്രദേശമായതു കൊണ്ട് അമ്മയുടെ പേരും അവർ ടീച്ചർ ആണ് എന്ന അറിവും ഉപയോഗിച്ച് അത്ര ആയാസപ്പെടാതെ വീട് കണ്ടുപിടിക്കാനായി. മുറ്റത്തു നിന്ന നിഷ്കളങ്കയായ മുത്തശ്ശി പല്ലില്ലാതെ ചിരിച്ചു. അവളുടെ പേര് പറഞ്ഞപ്പോൾ അകത്തു കയറാൻ അനുവാദം കൊടുത്തു.
''എടീ മക്കളേ… നിന്റെ കൂട്ടാരൻ."" നീട്ടി വിളിക്കുകയും ചെയ്തു. 'നിന്റെ കൂട്ടാരൻ" എന്ന പ്രയോഗത്തിലെ എക്സ്ക്ലൂസിവിറ്റി മാനിച്ച് മുത്തശ്ശിക്ക് ഒരുമ്മ കൊടുക്കണമെന്ന് അയാൾ ഉറപ്പിച്ചു. വരട്ടേ സമയമുണ്ടാല്ലോ.
'മൈ ഡിയർ", 'നിന്റെ സ്വന്തം" എന്നീ പദപ്രയോഗങ്ങൾ ഒരാൾക്ക് വേണ്ടി മാത്രം റിസർവ് ചെയ്തിരുന്ന കാലത്തായിരുന്നല്ലോ അയാൾ ജനിച്ചത്!
'ലൈറ്റ് എമിറ്റിംഗ്ഡയോട്" കൊണ്ടുണ്ടാക്കിയ സൂര്യനെപ്പോലെ അവൾ ഇരുട്ടുമുറിയിൽ നിന്നും ഇറങ്ങി വന്നു.
''ഞാനയച്ച കത്തുകൾ ഒന്നും കിട്ടിയില്ല അല്ലെ?""
കൃത്യമായ വിലാസം അറിയാതിരുന്നതുകൊണ്ടും ഒരിക്കലും മറുപടി കിട്ടാതിരുന്നതുകൊണ്ടും ഏതോ ബ്ലാക്ക് ഹോളിലേക്കാവും അവ പോയിട്ടുണ്ടാവുക എന്നവന് ഉറപ്പായിരുന്നു. തെറ്റായ വിലാസക്കാരനോ പോസ്റ്റ്മാനോ വായിച്ചാലും അവൾക്ക് അപമാനമുണ്ടാവാത്ത വിധം തലക്കെട്ടോടുകൂടിയ കവിതകളായിരുന്നല്ലോ അവ. ആരുടേയും പേര് പരാമർശിച്ചിരുന്നുമില്ല. നടന്ന സംഭവങ്ങളും എഴുതിയിരുന്നില്ല. ഒരു സംഭവങ്ങളും നടന്നതുമില്ലല്ലോ.
''ഭാഗ്യത്തിന് എല്ലാം എന്റെ കൈയിൽത്തന്നെ കിട്ടി!""
'ഭാഗ്യത്തിന്" എന്ന വാക്കുച്ചരിച്ചതിലെ ശരീരഭാഷ്യം മനസിലാകാതിരിക്കാൻ മാത്രം ഇൻസെൻസിറ്റീവ് ആയ കവിയല്ലല്ലോ അവൻ. മണ്ടൻ ആണെങ്കിലും മഠയൻ അല്ല. തലയിൽ ചുമന്നു കൊണ്ടുവന്ന ഇടിമിന്നൽ തൽക്ഷണം എർത്തടിച്ചു പോയി. അവന് മുള്ളാൻ മുട്ടി. 'ബാത്ത് റൂം" എന്നുച്ചരിച്ചു. അവൾ ഇരുട്ടിലേക്ക് കൈ ചൂണ്ടി. പൂച്ചക്കണ്ണുമായി അകത്തു കയറിയവൻ ഉപ്പന്റെ കണ്ണുമായി തിരിച്ചു വരുമ്പോൾ അവൾ കത്തുകൾ ഭദ്രമായി തുണിയിൽ പൊതിഞ്ഞു നിൽപ്പുണ്ടായിരുന്നു. അപ്പൂപ്പന് ബലിയിട്ട ശേഷം തൂണിൽ ചുമന്ന പട്ടുതുണി കെട്ടിവച്ച കാര്യം എല്ലാരും മറന്നൂന്ന് അവൾക്കറിയാം. ചാനൽ വരമ്പിലൂടെ ബൈക്കോടിക്കുമ്പോൾ മോഹാല്യസപ്പെട്ടു വീഴാതിരിക്കാൻ അവൻ ശ്രദ്ധിച്ചു. ഇന്ന് പൂരി മസാല മതി എന്ന് അമ്മ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. അനിതേച്ചിയുടെ വീട്ടിൽ പണിക്കു പോയാൽ പൂരിക്കുള്ള പണമാവും.
കേടായ ഫാൻ മാറ്റി പുതിയത് വയ്ക്കുക, സിക്സ് ആംസിന്റെ എം.സി.ബി. മാറ്റി ടെൻ ആംസ് പിടിപ്പിക്കുക ഇതൊക്കെയാണ് അനിതേച്ചി പറഞ്ഞത്. ഈ അവസ്ഥയിൽ പണി അവിടെയായത് നന്നായി. അനിതേച്ചി ഭയങ്കര സോഷ്യൽ ആണ്. ക്രിസ്മസ് സ്റ്റാർ കെട്ടാൻ കാർ ഷെഡ്ഡിലെ തൂങ്ങുന്ന വയറിന്റെ അറ്റത്തുള്ള 'മെയിൽ പ്ലഗ്" മാറ്റി 'ഫീമെയിൽ പ്ലഗ്" വയ്ക്കണം എന്നൊക്കെ പറയും. അവനാകട്ടെ ഇത്തരം നാണമുള്ള സാങ്കേതിക പദങ്ങൾ സ്ത്രീകളോട് പറയാറില്ല. ഫാനിന്റെ ലീഫുകൾ പിടിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് അത് ശ്രദ്ധിച്ചത്. അനിതേച്ചി വിതുമ്പിക്കരയുന്നു. കയ്യിൽ പട്ടു തുണിയും കവിതകളുമുണ്ട്. ചിലപ്പോൾ ബാഗിനുള്ളിൽ കയ്യിട്ട് അഞ്ഞൂറിന്റെ നോട്ടുകൾ വയ്ക്കാനുള്ള സ്വാതന്ത്ര്യം എടുക്കാറുണ്ട്. വീട്ടിൽ ചെന്നിട്ടെ അവനതറിയൂ. അവന്റെ ബാഗ് അനുവാദമില്ലാതെ തുറക്കുന്ന കാര്യത്തിൽ അവർ പൊളിറ്റിക്കൽ കറക്ടനസ്സ് ഒന്നും നോക്കാറില്ല.
അനിതേച്ചി വിതുമ്പിയത് വലിയ സ്വാതന്ത്ര്യം ആയി. ആ വീട്ടിൽ അപ്പോൾ വേറാരും ഇല്ലല്ലോ. മടമടാ കരഞ്ഞു കൊണ്ട് അവൻ പണികൾ പൂർത്തിയാക്കി.
''എന്റെ മനസിലുമുണ്ട് ഒരു ചിതാഭസ്മകലശം..നശ്വര പ്രണയത്തിന്റെ അനശ്വര ചിത്രങ്ങൾ കോറിയ ഒരു...""
എന്ന വരികൾ ഇച്ചിരി ഉറക്കെ വായിച്ചിട്ട് അവർ പിറുപിറുത്തു..
'അറം പറ്റാനായിട്ട് ഓരോന്ന് എഴുതി പിടിപ്പിച്ചോളും.""
അവർക്ക് എല്ലാം മനസിലായെന്നു തോന്നുന്നു. സ്ത്രീകൾ എത്ര ഇന്റ്യുറ്റിവ് ആണ്!
പൂരി മസാല അമ്മയെ ഏൽപ്പിച്ചിട്ട് റൂമിൽ കയറി കതകടച്ചു. കവിതകൾ എല്ലാം ഒരാവർത്തി വായിച്ച് വിതുമ്പി. അനിതേച്ചിയെ കരയിപ്പിക്കാൻ മാത്രം കാവ്യഗുണം അവയ്ക്കുള്ളതിൽ ഈ അവസ്ഥയിലും അഭിമാനം തോന്നിയതോർത്തു സ്വയം ശപിച്ചു. പനി പിടിച്ചു കിടന്നു. മൂന്ന് ദിവസങ്ങൾ ഉച്ചയ്ക്ക് ഇച്ചിരി കഞ്ഞിയും പയറും കുടിക്കാൻ മാത്രമാണ് അവൻ വാതിൽ തുറന്നത്. തദവസരത്തിൽ അമ്മയും അനിതേച്ചിയും കൂടി ഒരു ഓപ്പറേഷൻ നടത്തിയിരുന്നു. അവളുടെ വീട്ടിലേക്ക് അവർ അമ്മാവനെ വിട്ടു. വിടർത്തിയ കാലൻ കുടയുമായി പോയ അമ്മാവൻ കുട മടക്കി ഷർട്ടിന്റെ കോളറിൽ തൂക്കിയാണ് തിരികേ വന്നത്. അത്ര വ്യക്തമായി ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം അനിതേച്ചിക്ക് മനസിലായി. പെണ്ണിന്റെ അമ്മ ആണത്രേ അമ്മാവനെ നേരിട്ടത്. അവൾക്ക് ചൊവ്വാ ദോഷമാണ്, ചെക്കന് കറന്റുമായുള്ള കളിയല്ലേ, അവൾ എം.എസ്സിയും ബി.എഡും ആണല്ലോ. ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയരുടെ ആലോചന വന്നിട്ടുണ്ട്. അങ്ങനെ എന്തൊക്കെയോ..! തത്ക്കാലം അവൻ അറിയണ്ട എന്ന് അനിതേച്ചി ഉപദേശിച്ചു. അറിഞ്ഞാൽ വടയും മസാലദോശയും മുടങ്ങുമെന്ന് അമ്മയ്ക്ക് മനസിലാവുകയും ചെയ്തു.
നാലാം നാൾ വെളുപ്പിന് എണീറ്റു. ട്രങ്കുപ്പെട്ടിയിൽ വച്ചിരുന്നതും പട്ടിൽ പൊതിഞ്ഞു കിട്ടിയതുമായ നൂറു കണക്കിന് കവിതകൾ ചാക്കിലാക്കി വടക്കേപ്പുറത്തു കൊണ്ട് തീയിട്ടു. അന്ന അഹ്മത്തോവ ആയതുപോലെ ഒരു ഗർവ്വം അപ്പഴും അടിത്തട്ടിൽ ഉണ്ടായിരുന്നു. ഒരു കറകളഞ്ഞ ഇലക്ട്രീഷ്യനായി മാറിയ സ്ഥിതിക്ക് അമ്മയുടെ കാലം കഴിഞ്ഞാലും ജീവിച്ചിരിക്കാൻ ആ ഗർവ്വം അവിടെ കിടന്നോട്ടേ.
പൊട്ടിയ ഹൈലംഷീറ്റ് മാറ്റുക, വീട് വച്ചപ്പോൾ ഷോയ്ക്കു വച്ച കൊസ്രാക്കൊള്ളി ഫാൻസിലൈറ്റുകൾ ബൾബ് ഫീസായ മുറയ്ക്ക് കളഞ്ഞിട്ട് സാധാരണ ഹോൾഡർ പിടിപ്പിക്കുക, വേട്ടാളൻ കൂടു കെട്ടിയ പ്ലഗ് സോക്കറ്റുകൾ മാറ്റി അടപ്പിടുക എന്നിങ്ങനെ ജോലിക്ക് ഒരു കുറവും ഇല്ല. വൈദ്യുതി ഒരു നന്മയുള്ള പ്രതിഭാസമാണ്. അത് മുകളിൽ നിന്ന് താഴേക്ക് , ഹൈ പൊട്ടൻഷ്യലിൽ നിന്ന് ലോ പൊട്ടൻഷ്യലിലേക്ക്, ഒഴുകാൻ ഇഷ്ടപ്പെടുന്നു! സമന്മാർ തമ്മിലുള്ള വിനിമയം സ്റ്റാറ്റിക്ക് ആയിരിക്കും എന്ന തിരിച്ചറിവ് അതിനുണ്ട്. റെസിസ്റ്റൻസ് ഉള്ളിടത്തു് അദൃശ്യമായ ആത്മചൈതന്യം പ്രകാശിപ്പിക്കുമാറ് പുഞ്ചിരി പൊഴിക്കുകയത്രേ അത് ചെയ്യുക! തനിക്കു ചുറ്റും ചലനാത്മകമായ കാന്തിക പ്രഭാവം ഉള്ളപ്പോൾ അതിന് ഒഴുകാതിരിക്കാൻ ആവില്ല തന്നെ!
മൂന്നുമാസം കഴിഞ്ഞപ്പോൾ അവനൊരു കത്തു കിട്ടി. 'ഭാഗ്യത്തിന്" അവന്റെ കൈയിൽത്തന്നെയാണ് കിട്ടിയത്. അവളുടെ കല്യാണക്ഷണപത്രമാണെന്ന് പുറംചട്ടയിലുണ്ട്. സിസേഴ്സ് എടുത്തു് അകത്തെ കണ്ടന്റ് കീറിപ്പോകാതെ അരികിലൂടെ മുറിച്ചു. ഒരു ചെറുകുറിപ്പ് അയാൾ പ്രതീക്ഷിച്ചിരുന്നു. 'അടുത്ത ജന്മം ഒന്നിക്കാം" എന്നോ 'വിഷമിച്ച്ജീവിതം പാഴാക്കരുത്" എന്നോ കുറഞ്ഞപക്ഷം 'ഇനി എന്നെത്തേടി വരരുത്" എന്നെങ്കിലും ഉണ്ടാവും. സൂക്ഷ്മതയോടെ തുറന്നു. പ്രിന്റഡ് ഇൻവിറ്റേഷൻ മാത്രം! ഒപ്പ് പോലും ഇട്ടിട്ടില്ല! അയാൾ പുഴുവിനേക്കാളും ചെറുതായി. വരാനല്ല ക്ഷണിച്ചതെങ്കിലും പോകാൻ തന്നെ തീരുമാനിച്ചു.
അകന്നു പോകുന്ന നോഹയുടെ പേടകം തുരുത്തിൽ നിന്ന് വീക്ഷിക്കുന്ന നായയെപ്പോലെ മണവാട്ടിയെയും എൻജിനീയറെയും ലോംഗ് ഷോട്ടിൽ വീക്ഷിച്ച ശേഷം ഊട്ടുപുരയിൽ ഇടിച്ചു കയറി.
''ബന്ധുക്കൾ മരിച്ചവർക്കന്തിമാന്നമായ് വച്ച മൺകലത്തിലെച്ചോറ് തിന്നത് ഞാനോർക്കുന്നു.""
എന്ന ചുള്ളിക്കാടിന്റെ വരികളായിരുന്നു മനസിൽ. ആദ്യത്തെ പന്തിയിയായിരിന്നിട്ടു കൂടി സാമ്പാറും അവിയലുമെല്ലാം രസം പോലിരുന്നു.