അകലേക്ക് കൃത്യമായ ഒരിടത്തു ഉറക്കാത്ത ദൃഷ്ടിയുമായി അമ്മ പറഞ്ഞു. ''അങ്ങനെ ഒരാളെ കൃത്യതയോടെ തുറന്നു കാണിക്കാൻ എനിക്കാവില്ല. വാസ്തവത്തിൽ അങ്ങനെ ഒരാൾ എവിടെയെങ്കിലും പതിയിരിക്കുന്നുണ്ടോ എന്നും പറയാൻ വയ്യ. അപ്പന് ശത്രു ഉണ്ടെന്ന കാര്യം സത്യമാണ്. അത് പക്ഷെ ജോണിന്റേതു മാത്രമല്ല. നമ്മുടേതൊക്കെക്കൂടിയാണ്. അവന്റെ ലക്ഷ്യങ്ങൾ ജോണിൽ മാത്രമായി പരിമിതപ്പെടുത്താവുന്നയല്ല. ജോൺ വീണുപോയാൽ നിർത്തുമെന്നോ അതിലവൻ തൃപ്തിപ്പെടുമെന്നോ കരുതുകവയ്യ. എന്റെ അനുഭവത്തിലും വിശ്വാസത്തിലും അത് വളരെ മുൻപേ തുടങ്ങിയിട്ടുള്ളതാണ്. ഇക്കാലത്തെ അതിന്റെ കരുക്കളിൽ ഒന്ന് മാത്രമാണ് ജോൺ. അടുത്തുവരുന്ന തലമുറയിൽ ഒരു പക്ഷേ നീയും അതിന്റെ കണ്ണിയായി കോർത്ത് പോയേക്കാം. അതിനുമുൻപേ അതിനെ തീർത്തുകളയാൻ വേണ്ടിയാണ് ജോണിങ്ങനെ രാത്രി നേരത്ത് ഉറക്കമില്ലാതെ വേട്ടയാടിപ്പിടിക്കാൻ നടക്കുന്നത്. ആൻഡ്രൂ അതുകൊണ്ടു നീ കൂടി ശ്രദ്ധിക്കണം. ഈ യുദ്ധം ജോണിനുവേണ്ടി മാത്രമുള്ളതല്ല. നാമെല്ലാം ഓരോരോ തരത്തിൽ ഇതിൽ ഭാഗഭാക്കുകളാണ്. ജോൺ മുന്നിൽ നിൽക്കുന്നതുകൊണ്ട് അപകടപ്പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ജോൺ തന്നെ. പിന്നെ ഞാൻ. പിന്നെ നീ..നിന്റെ രക്തം...""
''ആരാണ് ഇതിനു പിറകിൽ എന്ന് ചെറിയൊരു സൂചനപോലും അമ്മയ്ക്കില്ലേ?""
''തീർച്ചയായും ഉണ്ട്. അത് പക്ഷെ ഇപ്പോഴും ഉറപ്പിച്ചു പറയാൻ വയ്യ. അതിനുള്ള തെളിവോ വ്യക്തതയോ അമ്മയുടെ കയ്യിൽ ഇല്ല. ചില സംശയങ്ങൾ എന്ന് മാത്രമേ അതേക്കുറിച്ചു പറയാൻ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെ ഞാനത് നിന്നോട് പങ്കുവെച്ചാലും അത് ശരിയായില്ലെങ്കിൽ നിന്റെ ശ്രദ്ധതന്നെ മാറിപോകാനും ഇടയുണ്ട്. അതും ചിലപ്പോൾ ശത്രുവിന്റെ തന്ത്രമായി മാറിയേക്കാനും മതി. അതുകൊണ്ട് ഉറപ്പാകുന്നതുവരെ കാത്തിരിക്കുക മാത്രമേ നിവർത്തിയുള്ളൂ. ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഒരിക്കൽ അനിവാര്യമായ പ്രതിസന്ധി ഘട്ടത്തിൽ നിന്നോടത് പറയും. ഉറപ്പായില്ലെങ്കിൽ എന്റെ ആ സംശയങ്ങളെങ്കിലും, അതിലേക്ക് എത്തിപ്പെടാനുള്ള മാർഗങ്ങളെങ്കിലും.. നിന്നോടല്ലാതെ മറ്റാരോടും ഞാനത് പറയില്ല. ഇപ്പോൾ തീർച്ചയായും ആ സമയം എത്തിയിട്ടില്ല.""
അത്രയും പറഞ്ഞു അമ്മ സംസാരം നിർത്തി തിരിഞ്ഞു നടക്കാൻ തുടങ്ങി. പിന്നെ ഞാൻ എന്ത് ചോദിച്ചിട്ടും മറുപടി പറഞ്ഞില്ല. അപ്പോഴേക്കും അമ്മയുടെ ആ അവസ്ഥയിൽ നിന്നൊക്കെ വിട്ട് പഴയ രീതിയിൽ എത്തിയിരുന്നു. പിന്നീടുള്ള എന്റെ ചോദ്യങ്ങൾക്ക് കൃത്യമായും വേണ്ടതരത്തിലും മറുപടി പറയാൻ സാധിക്കാതായി. സത്യത്തിൽ മറ്റു ചില കാര്യംകൂടി എനിക്കറിയണമെന്നുണ്ടായിരുന്നു. ഇക്കാര്യം പറയാനായി എന്തിന് ഈ സ്ഥലം തെരഞ്ഞെടുത്തു? എന്താണ് ഈ സ്ഥലത്തിന്റെ ഒരു പ്രത്യേകത ഈ വക കാര്യങ്ങളുമായി ബന്ധപ്പെടുത്തുമ്പോൾ? പക്ഷേ അതൊന്നും അപ്പോഴത്തെ അന്തരീക്ഷത്തിൽ അമ്മയിൽനിന്നറിയാൻ കഴിയില്ലെന്ന് എനിക്കുറപ്പായിരുന്നു. താങ്കൾക്കീ സ്ഥലം കണ്ടിട്ട് എന്ത് തോന്നുന്നു...?""
''പഴയകാലത്തെ ഒരു ബലിപീഠം പോലെ. കുടുംബങ്ങളോ ഗോത്രങ്ങളോ മറ്റോ അവരുടെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അനുസൃതമായി മതപരമല്ലാത്ത, അതിനപ്പുറത്ത് നിൽക്കുന്ന, തികച്ചും രഹസ്യാത്മകമായി ചെയ്യേണ്ട കാര്യങ്ങൾക്കു വേണ്ടി ഒളിപ്പിച്ചുവച്ചിരിക്കുന്ന ഒരിടം. ഒറ്റ നോട്ടത്തിൽ ഇത് കാണുമ്പോൾ എനിക്കങ്ങനെയാണ് തോന്നുന്നത്...""
''തെറ്റെന്നു പറയാനാവില്ല. പക്ഷെ താങ്കൾ പറഞ്ഞത് അല്ലെങ്കിൽ നാം മനസ്സിലാക്കിയത് ഒരൊറ്റ നോട്ടത്തിലെ ബാഹ്യപരമായ ഒരു കാര്യം മാത്രമാണ്. ഇതിനപ്പുറത്ത് മറ്റെന്തോ ഉണ്ട്. പുറമേയ്ക്ക് നമ്മെ ഈ രീതിയിൽ ചിന്തിക്കാൻ വിട്ടിട്ട് അതിനടിയിലൂടെ മറ്റെന്തോ അത് വഹിച്ചുപോകുന്നില്ലേ എന്നൊരു സന്ദേഹം. സന്ദേഹമല്ല, ഉറപ്പ്. നമ്മെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം. ഇവിടെയുള്ള ഈ വലിയ മരം ശ്രദ്ധിച്ചോ? ഈയൊരു മരം അത്ര സാധാരണമല്ല. ഈ കാട്ടിൽ തന്നെ വേറെയുണ്ടെന്ന് തോന്നുന്നില്ല.പടർന്നു നിൽക്കുന്ന ഈ വലിയ മരം ഈ കാട്ടിൽ ഇവിടെ മാത്രമേയുള്ളൂ എന്നാണ് എന്റെയൊരു കണക്കു കൂട്ടൽ. പലയിടത്തും ഞാനിത് നോക്കിയിട്ടുണ്ട്. പക്ഷെ കാണാൻ കഴിഞ്ഞിട്ടില്ല.""
ഭൂമിയിലേക്ക് ഒരു പ്രത്യേക രീതിയിൽ ഇറങ്ങി പോയിട്ടുള്ള അതിന്റെ വേരുകൾക്ക് ചുറ്റും അവർ നടന്നു നോക്കി.
''ഡോക്ടറുടെ കണ്ടെത്തൽ മറ്റെന്താണ്...?""
''അത് എന്റെ കുറെയുള്ള ഊഹങ്ങളിൽ ഒന്ന് മാത്രമാണ്. ഊഹം ഉറപ്പല്ലാത്തതുകൊണ്ട് ഇപ്പോഴത് പറയാൻ നിർവാഹമില്ല.എന്നും എപ്പോഴും ഊഹങ്ങളെ മാത്രം പിൻപറ്റി നടക്കുന്നതുകൊണ്ട് സത്യത്തിലേക്ക് എത്തിക്കോളണം എന്നില്ല. ഊഹങ്ങൾ എന്നും സത്യങ്ങൾ ആവുകയായിരുന്നെങ്കിൽ എത്ര നന്നായെന്നെ. പക്ഷെ അതങ്ങനെ ആകുന്നത് വല്ലപ്പോഴുമൊക്കെയല്ലേ. പ്രത്യേകിച്ച് എന്റെ കാര്യത്തിൽ. ഓർമ്മവെച്ച നാൾമുതൽക്ക് എന്റെ ചുറ്റുപാടുകൾ എന്നെ അതിനു നിർബന്ധിച്ചുക്കൊണ്ടിരിക്കുന്നു. പലപ്പോഴും എന്റെ നീരീക്ഷണങ്ങളും കണ്ടെത്തലുകളും സത്യത്തോട് അടുത്തു നിൽക്കുന്നവയല്ല എന്ന് ഞാൻ തന്നെ സ്വയം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ എന്റെ കാര്യത്തിൽ എന്നും ആത്മവിശ്വാസം പുലർത്തികൊണ്ടിരിക്കാൻ എന്നിലുള്ള ഒരു ശക്തി തന്നെ എന്നോട് പറയാറുണ്ട്. എല്ലാ പ്രതീക്ഷകളും അറ്റുപോയി എന്ന് കരുതുന്നിടത്തുനിന്നും കിട്ടുന്ന ചെറിയൊരു പിടിവള്ളി എന്നെ എത്രയോ മുന്നോട്ടുകൊണ്ടുപോയിരിക്കുന്നു. ഒരിക്കലല്ല പലവട്ടം. അതെ, എന്റെ കാര്യത്തിൽ ഇടപെട്ടുകൊണ്ട് എപ്പോഴും കാണാമറയത്ത് ഒരു ശക്തി ഇരിക്കുന്നുണ്ടെന്നു കരുതാൻ എന്തോ എനിക്കിഷ്ടമാണ്. പലപ്പോഴും അടഞ്ഞുപോയ വഴികൾ തുറന്നു മുന്നോട്ടുപോകാൻ ഇതുവരെയുള്ള എന്റെ ജീവിതത്തിൽ എനിക്ക് സാധിക്കുന്നതും അതുകൊണ്ടുകൂടിയായിരിക്കണം. താങ്കൾ വിശ്വസിക്കണമെന്നോ അംഗീകരിക്കണമെന്നോ നിർബന്ധമില്ല. പക്ഷേ ഇത്രയും അറിഞ്ഞ സ്ഥിതിക്ക് താങ്കൾക്കതു വിശ്വസിക്കാതിരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇവിടെവെച്ചു താങ്കളോടൊരു ചോദ്യം ചോദിയ്ക്കാൻ എന്നെ അനുവദിക്കൂ...""
നടക്കുന്നതിനിടയിൽ ആൻഡ്രൂസ് പൊടുന്നനെ തിരിഞ്ഞു നിന്നു.
''താങ്കൾ കരുതുന്നുണ്ടോ താങ്കൾ പറഞ്ഞതുപോലുള്ള ഈ ബലിപീഠത്തിൽ നിന്ന് തിരിഞ്ഞു നടന്നതിനുശേഷം എന്റെ അമ്മ എന്നെങ്കിലും ഒരിക്കൽക്കൂടി അവരുടെ തികച്ചും നോർമൽ ആയ അവസ്ഥയിലേക്ക് തിരികെ എത്തിയിട്ടുണ്ടെന്ന് ?""
'തീർച്ചയായും ഉണ്ടാവില്ല.""
അതേക്കുറിച്ചു ആലോചിക്കാൻ പോളിന് സമയം ഒട്ടും സമയം വേണ്ടിയിരുന്നില്ല.
ആൻഡ്രൂസ് അത് കേട്ട് ഒന്ന് ചിരിച്ചു തിരിഞ്ഞു നടത്തം തുടർന്നു.
''പക്ഷേ അതങ്ങനെയായിരുന്നില്ല എന്നതാണ് സത്യം. എനിക്കുവേണ്ടി, എനിക്കുവേണ്ടി മാത്രം ഒരുദിനം കൂടി കരുതിവച്ചിരുന്നു. ഒരിക്കലും ഞാൻ പ്രതീക്ഷിക്കാതിരുന്ന ഒരു ദിനമായിരുന്നു അത്. മുകളിൽ നിന്ന് ഇറങ്ങുന്നതിനിടെ ഉച്ചകഴിഞ്ഞ നേരത്ത് കോണിപ്പടിയിൽ നിന്ന് തെന്നി അമ്മ താഴേക്ക് വീണു. തല നിലത്തിടിച്ചു നെറ്റി പൊട്ടിയെങ്കിലും ഭാഗ്യത്തിന് ആഴത്തിലുള്ള മറ്റു മുറിവുകൾ ഒന്നും ഉണ്ടായില്ല. എന്നും ഉച്ചയുറക്കം കഴിഞ്ഞു താഴേക്ക് വരുന്ന അമ്മ തന്നെയാണ് അവർക്കുള്ള ചായ ഉണ്ടാക്കാറുള്ളത്. വീഴ്ചയിൽ എന്തോ ഒരു പന്തികേട് എനിക്ക് തോന്നിയെങ്കിലും അമ്മക്കതേക്കുറിച്ചു പരാതികളോ സംശയങ്ങളോ ഇല്ലായിരുന്നു. ഞാൻ തന്നെയാണ് ഡ്രസിംഗ് റൂമിൽവച്ചു അമ്മയുടെ മുറിവ് വൃത്തിയാക്കിയതും സ്റ്റിച്ചിട്ടുകൊടുത്തതും. യാതൊന്നും മിണ്ടാതെ നിശബ്ദയായി ശൂന്യതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു അമ്മയപ്പോൾ. എങ്ങനെയാണ് വീണതെന്നും മറ്റുമൊക്കെ ഞാൻ എടുത്തെടുത്തു ചോദിച്ചപ്പോഴെല്ലാം ഒരൊറ്റ ഉത്തരത്തിൽ എല്ലാം ഒതുക്കി അമ്മ. സാരിയിൽ കാൽച്ചവിട്ടി വീണതാണെന്ന് മാത്രം. മുൻപെപ്പോഴോ റെക്കോർഡ് ചെയ്തുവച്ചതുപോലെ അവരത് ആവർത്തിച്ചുകൊണ്ടിരുന്നു. സാവകാശം അമ്മയിൽ മയക്കം ബാധിക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ അമ്മയെ ഒറ്റക്കവിടെ കിടക്കാൻ വിട്ട് ഞാൻ എഴുന്നേറ്റു. തിരിഞ്ഞു നടക്കും നേരം എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു: ഞാൻ പറഞ്ഞില്ലെങ്കിലും എന്നിൽ നിന്നത് നിനക്കറിയാൻ കഴിഞ്ഞില്ലെങ്കിലും നീ നിരാശപ്പെടേണ്ട. നിനക്കറിയാനുള്ളതെല്ലാം ഒരിടത്ത് ഭദ്രമായിട്ടിരുപ്പുണ്ട്. ഒരു കാലത്തും നശിച്ചു പോകാത്തവിധത്തിൽ. അത് കണ്ടെത്തേണ്ട ആവശ്യം മാത്രമേ നിനക്കുള്ളൂ. എത്ര വൈകിയാലും നിനക്കത് കണ്ടെത്താനും അറിയാനും കഴിയണം. അതല്ലാതെ നിനക്കുമുന്നിൽ മറ്റൊരു വഴിയില്ല..ശരിക്കും ഞാൻ അമ്പരന്നുപോയ നിമിഷമായിരുന്നു അത്...""
''എവിടെ എങ്ങനെയാണ് ഞാനതു കണ്ടെത്തുക?""
''അതിപ്പോൾ പറയാൻ വയ്യ. കാരണം ചുവരുകൾക്കുപോലും കണ്ണും കാതുമുണ്ട്. ഇവിടെ എവിടെയെങ്കിലും അവ നമ്മൾ അറിയാതെ മറഞ്ഞിരിപ്പുണ്ടെങ്കിൽ എല്ലാം തകരാറിലാകും. ഒന്നും നീ അറിയാതെപോകും. ഇപ്പോഴും എന്താണതെന്നു പകൽ പോലെ വ്യക്തമല്ല. ചില സംശയങ്ങൾ, അന്നത്തേതുപോലെ തന്നെ. ഇനി നിനക്ക് അതിനെ പിൻപറ്റി പോകുക മാത്രമാണ് ചെയ്യാനുള്ളത്. മടിച്ചിരുന്നാൽ ചിലപ്പോൾ ഒന്നിലേക്കും എത്താൻ കഴിയാതെയാകും. അതിനേക്കാൾ നല്ലതാണ് കിട്ടുന്ന സൂചനകളിലൂടെ മുന്നോട്ടുപോകുന്നത്. ഞാൻ അതിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇനി ഏതാനും മണിക്കൂറുകൾ മാത്രം മതി എനിക്ക്. അതിനുള്ളിൽ എന്റേതായ രീതിയിൽഅവ പൂർത്തിയാകും. അതോടെ ഞാൻ സ്വാതന്ത്രയാകും. അതറിയാനുള്ള നിന്റെ അന്വേഷണം നിനക്കീരീതിയിൽ മുന്നോട്ടു കൊണ്ടുപോകാം. കാരണം അപ്പോഴത് ശൂന്യതയിൽ തപ്പിനടക്കൽ ആവില്ല. കണ്ടെത്താൻ നിനക്കൊരു ഒബ്ജക്റ്റ് ഉണ്ട്. അതുകൊണ്ട് നീ അത് കണ്ടെത്തുകതന്നെ ചെയ്യും. പിന്നീട് മറ്റൊന്നും പറയാനോ കേൾക്കാനോ ഇല്ലാത്തതുപോലെ അമ്മ മയക്കത്തിൽ ചെന്ന് പതിച്ചു. ഞാൻ കുറച്ചുനേരം കൂടി സ്തബ്ധനായി അവിടെ നിന്നു. അത് എന്റെ ജീവിതത്തിലും അന്വേഷണത്തിലും വലിയൊരു വെളിച്ചമായി ഇപ്പോഴും നിലനിൽക്കുന്നു. അത് കണ്ടെത്തുക എന്നുള്ള ഒരു വൃതത്തിലും പരിശ്രമത്തിലും മാത്രമാണ് ഞാൻ. അതെന്റെ അരികിൽ എത്തുന്നതോടെ കാലങ്ങളായി ഞാനും എന്റെ കുടുംബവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാവിപത്തിനുള്ള പ്രതിവിധിയാണ് കിട്ടാൻ പോകുന്നത്.""
''അമ്മ പറഞ്ഞ 'അതെന്താണ്" എന്നാണ് താങ്കൾ വിശ്വസിക്കുന്നത്. അതേക്കുറിച്ചു എന്തെങ്കിലും അറിയാൻ കഴിഞ്ഞിട്ടുണ്ടോ.?""
''കൃത്യമായിട്ടില്ല. എന്തായാലും ഏതൊക്കെയോ തരത്തിൽ വിലപ്പെട്ട രേഖയായിരിക്കും എന്നതിൽ സംശയം വേണ്ട. കൂടുതലും സാദ്ധ്യത ഡയറിയോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ആയിരിക്കും എന്നതിനാണ്. അതാണ് കണ്ടെത്തേണ്ടത്.""
''അത് പൂർണമായിട്ടുണ്ടാകുമോ?""
''അതിനുതന്നെയാണ് സാദ്ധ്യത. അമ്മ എന്നോടിത് പറഞ്ഞതിനുശേഷം മൂന്നാം ദിവസമാണ് ആത്മഹത്യ ചെയ്യുന്നത്. ഈ മൂന്നു ദിവസത്തിനിടയിൽ അമ്മക്ക് അത് പൂർത്തീകരിക്കാനുള്ള സമയം കിട്ടിയിരിക്കണം. അത് ഏറ്റവും ഭദ്രമായി എവിടെയെങ്കിലും സുരക്ഷിതമായി വെച്ചതിനുശേഷമായിരിക്കണം അമ്മ ജീവനൊടുക്കിയിരിക്കുന്നത്. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്നിലെ അന്വേഷകനും...""
അവർ താഴെ മെന്റൽ അസൈലത്തിന്റെ മുൻപിൽ എത്തിയിരുന്നു അപ്പോഴേക്കും. തങ്ങൾ കടന്നുപോന്ന വനാന്തരത്തെക്കാളും നിഗൂഢത പേറുന്ന ഒരിടമായി അപ്പോഴേക്കും ആ പഴയ വലിയ കെട്ടിടം പോളിനെ പുണരാൻ തുടങ്ങിയിരുന്നു.
ഡോ. ആൻഡ്രൂസിനെ അനുഗമിച്ചുകൊണ്ടിരിക്കെ പോൾ വാച്ചിലേക്ക് ഒന്നൊളിഞ്ഞു നോക്കി.
''പക്ഷേ മിസ്റ്റർ പോൾ അതെന്തുതന്നെയായിരുന്നാലും എവിടെയായിരുന്നാലും കണ്ടെത്തുക എന്നത് തീർത്തും നിസ്സാരമായ ഒന്നല്ല എന്ന സത്യം കഴിഞ്ഞുപോകുന്ന ഓരോ ദിനവും എന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്റെ അറിവും ക്ഷമയും പരിചയവും വെച്ച് ഞാനിതിനോടകം ഇവിടെയുള്ള മുക്കും മൂലയും പരിശോധിച്ചുകഴിഞ്ഞു, ഏകദേശം എന്ന് വേണമെങ്കിൽ പറയാം. എന്നിട്ടും അങ്ങനെയൊന്ന് എവിടെയുണ്ടെന്നോ അതിലേക്കു നീളുന്ന നേർത്തൊരു രേഖയോ കിട്ടിയിട്ടില്ല എന്നത് കുറേശ്ശേയായി എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. പലപ്പോഴും യാതൊരു പ്രതീക്ഷയും നൽകാത്ത ഈ അന്വേഷണം പാതിവഴിയിൽ വെച്ച് നിർത്തേണ്ടി വരുമോ എന്ന് പോലും ഇടക്കൊക്കെ ഞാൻ ഭയപ്പെടുന്നു. അതിവിടെയൊന്നുമില്ല എന്നുറപ്പിക്കുമ്പോഴും പുറത്തു് മറ്റൊരിടത്തുണ്ടാകാനുള്ള സാധ്യതയും വിരളമാണ്. കാരണം എന്റെ അറിവിൽ അമ്മയുടെ ലോകം എന്നത് ഇവിടം മാത്രമാണ്. ഒരിക്കൽ പോലും അമ്മ ഇവിടെനിന്ന് മറ്റെവിടേക്കും പോയത് ഞാൻ അറിഞ്ഞിട്ടില്ല. അതുപോലെ പുറത്തുള്ള ഏതെങ്കിലും ഒരാളുമായിട്ട് അമ്മക്ക് ബന്ധവുമില്ല. അങ്ങനെയെങ്കിൽ ആ വഴിക്ക് ചിന്തിക്കാമായിരുന്നു. അമ്മ പോയതിനൊപ്പം ആ രഹസ്യവും, അതായത് ഞങ്ങളിലേക്കുള്ള ആ താക്കോലും എന്നന്നേക്കുമായി നഷ്ടപ്പെട്ടുവോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു എന്ന അവസ്ഥയിലാണ് സത്യത്തിൽ ഞാൻ. പക്ഷെ അന്ന് അമ്മ പറഞ്ഞത് അധികം പ്രയാസപ്പെടാതെ തന്നെ ഞാനത് കണ്ടുപിടിക്കും എന്നാണ്. എന്നിട്ടും ഇപ്പോഴും എന്നെയത് വട്ടം ചുറ്റിക്കറക്കിക്കൊണ്ടിരിക്കുന്നു. ഇനി ഞാൻ കരുതിവെച്ചിരിക്കുന്നതുപോലെ അതൊരു ഡയറി അല്ലാതെ വരുമോ? എന്റെ അന്വേഷണങ്ങൾ പോയിക്കൊണ്ടിരിക്കുന്നത് ശരിയായ വഴികളിലൂടെ അല്ലായിരിക്കുമോ? പിറകിലേക്ക്, എന്നിലേക്ക് ഞാൻ പലകുറി തിരിഞ്ഞു പോകേണ്ടിയിരിക്കുമോ?...വാസ്തവത്തിൽ എന്തുചെയ്യണമെന്ന് കൃത്യമായൊരു രൂപം കിട്ടാതെ വഴി മുട്ടിയ ഒരിടത്താണ് ഞാനിപ്പോൾ നിൽക്കുന്നത്...""
ഡോ. ആൻഡ്രൂസ് ഒന്ന് നിർത്തി. ആൻഡ്രൂസിന്റെ മൗനത്തിനുമേൽ പോളും ആലോചിച്ചുകൊണ്ടുനിൽക്കുകയായിരുന്നു. അടുത്ത നിമിഷത്തിൽ അതേക്കുറിച്ചുള്ള തന്റെ ഒരഭിപ്രായം ആൻഡ്രൂസ് ചോദിക്കുമെന്നതിനെക്കുറിച്ചു പോളിന് സന്ദേഹമൊട്ടുമുണ്ടായിരുന്നില്ല. പക്ഷേ ആ സമയം കണക്കുകൂട്ടലുകൾ തെറ്റിച്ചുകളഞ്ഞ് ആൻഡ്രൂസിന്റെ പോക്കറ്റിൽ കിടന്ന് ഫോൺ ബഹളമുണ്ടാക്കി.
(തുടരും)